തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെ
140 നിയോജക മണ്ഡലങ്ങളിലെയും തദ്ദേശ റോഡുകൾ കൂട്ടത്തോടെ മുഖം മിനുക്കുന്നു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബഡ്‌ജറ്റിൽ ആയിരം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് 840 കോടി ചെലവഴിച്ച് 3540 റോഡുകൾ ഉടനടി നന്നാക്കാനാണ് ഭരണാനുമതി.
അനുവദിച്ച തുകയും ജനപ്രതിനിധികളുടെ ചിത്രങ്ങളും സഹിതം റോഡുകളിൽ ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.
ബാക്കിയുള്ള റോഡുകൾക്കായി 160 കോടിയുടെ ഭരണാനുമതി നൽകും. മേയ് 31 നകം എല്ലാ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കാനാണ് നിർദ്ദേശം. അതുകഴിയുമ്പോൾ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള സമയമാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനിയർക്കാണ് നിർവഹണ ചുമതല.
# 15 മുതൽ 45 ലക്ഷം വരെ
നിലവിലുള്ള ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണവും റീടാറിംഗും വീതി കൂട്ടലുമുൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കും. ഓരോ റോഡിനും 15 മുതൽ 45 ലക്ഷം രൂപ വരെയാണ് വകയിരുത്തിയിരിക്കുന്നത്. എം.എൽ.എമാരുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ധനകാര്യവകുപ്പ് റോഡുകളുടെ തിഞ്ഞെടുത്തത്. ഓരോ മണ്ഡലത്തിലും ശരാശരി ആറ് കോടി രൂപയുടെ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറും.
സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോജിച്ച് പ്രവർത്തിക്കണം ഗ്രാമീണ മേഖലയിലെ യാത്രാപ്രശ്നം പരിഹരിക്കാനും, പ്രാദേശിക സാമ്പത്തിക വികസനം സാദ്ധ്യമാക്കാനും സഹായിക്കും.
-എം.ബി.രാജേഷ്
തദ്ദേശവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |