ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിർത്തിയിട്ട കാറിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. കുമാരമംഗലം സ്വദേശി സിബി (60) ആണ് മരിച്ചത്. കുമാരമംഗലം റിട്ടയേർഡ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്.
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നതിന് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് സിബി പെട്രോൾ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കല്ലൂർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ കത്തിയ സ്ഥലത്തെത്തി ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പെരുമാങ്കണ്ടം നരക്കുഴിയിലെ ഒഴിഞ്ഞ പറമ്പിലാണ് നിർത്തിയിട്ട കാർ കത്തി ഒരാൾ വെന്തുമരിച്ചത്. നാട്ടുകാർ ആണ് കാർ ആദ്യം കണ്ടത്. ഇവർ ഉടൻ അഗ്നിശമസേനയെയും പൊലീസിനെയും വിവരം അറിയിച്ചു. അഗ്നിശമനസേന എത്തുന്നതിന് മുൻപ് തന്നെ കാർ പൂർണമായും കത്തി നശിച്ചിരുന്നു. കാറിനുള്ളിലെ മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു. മാരുതി 800 മോഡൽ കാർ ആണ് കത്തിയത്. സിബിയുടെ മക്കൾ എത്തി കാർ തിരിച്ചറിഞ്ഞു.
സിബി കടയിൽ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. സിബി കാറോടിച്ച് വരുന്നത് നാട്ടുകാരിൽ ചിലരും കണ്ടിരുന്നു. വീട്ടിൽ നിന്ന് നാലുകിലോമീറ്റർ അപ്പുറത്താണ് സിബിയുടെ വീടെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |