കൊല്ലം: ഫയർ ഫോഴ്സ് സ്കൂബാ ടീമിൽ അംഗമായ അച്ഛൻ ജെയിംസിൽ നിന്ന് പകർന്നുകിട്ടിയ നീന്തൽ പാഠങ്ങളിലൂടെ റെക്കാഡുകൾ സ്വന്തമാക്കുകയാണ് ചാത്തന്നൂർ താഴം നോർത്ത് ജെയിംസ് ഭവനിൽ ഇവയും (6), ബിവയും (9).
ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് കഴിഞ്ഞ വർഷം ഏപ്രിൽ 29ന് ഇവ സ്വന്തമാക്കിയപ്പോൾ, ബിവ ജൂൺ 19ന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും ജൂലായ് 16ന് ഏഷ്യാ ബുക്ക് ഒഫ് റെക്കാഡും നേടി.
ബിവ രണ്ടര വയസ് മുതലും ഇവ മൂന്ന് വയസ് മുതലും നീന്തൽ പരിശീലിക്കുകയാണ്. ഇത്തിക്കരയാറ്റിലെ പള്ളിക്കമണ്ണടി കടവിലാണ് പരിശീലനം. പത്തനംതിട്ട സീതത്തോട് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥനായ ജയിംസ് അവധി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരങ്ങളിലുമാണ് പരിശീലനം നൽകുന്നത്. ഇവർക്കു പുറമേ, പത്തോളം കുട്ടികളെയും പരിശീലിപ്പിക്കുന്നുണ്ട്. ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് ഇവ. ഇതേ സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ് ബിവ. അമ്മ ലീനയും പിന്തുണ നൽകി ഒപ്പമുണ്ട്.
പൊങ്ങിക്കിടന്ന് ഇവ,
മുങ്ങിത്താണ് ബിവ
# ഇത്തിക്കരയാറ്റിൽ 20 മിനിറ്റ് 20 സെക്കൻഡ് 66 മില്ലി സെക്കൻഡ് സമയം പൊങ്ങിക്കിടന്നാണ് ഇവയുടെ റെക്കാഡ് നേട്ടം. ഫ്ലോട്ടിംഗ് ഇൻ റിവർ ഫോർ ദി ലോംഗസ്റ്റ് ഡൂറേഷൻ ബൈ എ കിഡ് എന്ന റെക്കാഡാണ് ഇവ കരസ്ഥമാക്കിയത്. ഈ വിഭാഗത്തിൽ നിലവിലെ റെക്കാഡ് 10 മിനിറ്റിൽ താഴെയാണ്.
# ഇത്തിക്കരയാറ്റിൽ 14 അടി താഴ്ചയിൽ മുങ്ങാംകുഴിയിട്ട് 13 സെക്കൻഡ് അടിത്തട്ടിൽ നിന്നാണ് ബിവ റെക്കാഡിട്ടത്. ഡീപ്പെസ്റ്റ് ഫ്രീ ഡൈവ് ഇൻ എ റിവർ ബൈ എ ചൈൽഡ് എന്ന റെക്കാഡാണ് ബിവ നേടിയത്. ഗിന്നസ് റെക്കാഡാണ് ഇരുവരുടെയും ലക്ഷ്യം.
മക്കൾ വളരെ വേഗം നീന്തൽ പഠിച്ചുവെന്ന് മാത്രമല്ല അസാധാരണമായ രീതിയിൽ ഒരുപാട് സമയം ഇവ പൊങ്ങിക്കിടക്കാനും ബിവ മുങ്ങാനും തുടങ്ങി. ഈ കഴിവ് കണ്ടാണ് റെക്കാഡിന് അപേക്ഷിച്ചത്.
ജെയിംസ്, പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |