#ബഡ്ജറ്റ് സമ്മേളനത്തിൽ
പാസാക്കാൻ നീക്കം
#14 ഭരണപക്ഷ നിർദേശങ്ങൾ സ്വീകരിച്ചു
#പ്രതിപക്ഷ നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ഒരു നിർദ്ദേശംപോലും സ്വീകരിക്കാതെ വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നൽകിയതോടെ, വഖഫ് ബോർഡിന്റെ മുസ്ലിം കേന്ദ്രീകൃത സ്വഭാവം നഷ്ടപ്പെടാൻ സാദ്ധ്യതയേറി.
മുസ്ലിങ്ങൾ അല്ലാത്ത രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ വേണമെന്നതടക്കം ഭരണപക്ഷം മുന്നോട്ടുവച്ച 14 ഭേദഗതികൾ ഇന്നലെ ചേർന്ന ജെ.പി.സി യോഗത്തിൽ അംഗീകരിച്ചു.
ഈ ഭേദഗതികളോടെ അന്തിമറിപ്പോർട്ട് ജനുവരി 31ന് സമർപ്പിക്കാനാണ് ജെ.പി.സി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ ജഗദംബിക പാലിന്റെ ശ്രമം. റിപ്പോർട്ട് അന്തിമമായി അംഗീകരിക്കാൻ നാളെ ജെ.പി.സി വീണ്ടും ചേരും.
ഓരോ ഭേദഗതി നിർദ്ദേശവും വിശദമായി ചർച്ച ചെയ്തതായി ജഗദംബിക പാൽ വ്യക്തമാക്കി. ഭരണപക്ഷത്തിന്റെ ഭേദഗതികൾക്ക് അനുകൂലമായി 16 വോട്ടുകൾ ലഭിച്ചു. എതിർത്ത് 10 വോട്ടും. ജെ.പി.സിയിൽ ഭരണപക്ഷ അംഗങ്ങളുടെ എണ്ണം കൂടുതലാണ്.
44 ഭേദഗതികൾ കേന്ദ്രസർക്കാർ 2024 ആഗസ്റ്റിൽ കൊണ്ടുവന്ന ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. അവയിൽ 14 എണ്ണത്തിലാണ് ജെ.പി.സിയിൽ മാറ്റങ്ങളുണ്ടായത്. ബി.ജെ.പി അടക്കം എൻ.ഡി.എയിലെ എം.പിമാർ 23 നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. പ്രതിപക്ഷത്തിന്റെ 44 നിർദ്ദേശങ്ങളും വോട്ടിനിട്ട് തള്ളി.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെ, ജനുവരി 31ന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനത്തിനിടെ ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് ശ്രമം.
നിർണായക മാറ്റങ്ങൾ
1. സംസ്ഥാന വഖഫ് ബോർഡുകളിൽ മുസ്ലിം അല്ലാത്ത അംഗത്തെ സി.ഇമാരായി നിയമിക്കാൻ കഴിയും
ബോർഡ് അംഗങ്ങളിൽ കുറഞ്ഞത് രണ്ടുപേരെങ്കിലും അമുസ്ലിം ആയിരിക്കും. മുസ്ലിം വനിതകളെയും അംഗമാക്കാം.
2. കേന്ദ്രമന്ത്രി, മൂന്ന് പാർലമെന്റ് അംഗങ്ങൾ, രണ്ട് മുൻ ജഡ്‌ജിമാർ, ദേശീയ പ്രശസ്‌തരായ നാലു വ്യക്തികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ സെൻട്രൽ വഖഫ് കൗൺസിലിൽ ഉൾപ്പെടുത്തേണ്ടി വരും. ഇവർ മുസ്ലീം ആയിരിക്കണമെന്ന് നിർബന്ധമില്ല.
3. ഭൂമി സർക്കാരിന്റേതാണോ, വഖഫ് ബോർഡിന്റേതാണോ എന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥാനായിരിക്കും. നിവലിൽ വഖഫ് ട്രൈബ്യൂണലിനാണ് അധികാരം. ട്രൈബ്യൂണലിൽ മുസ്ലിം നിയമങ്ങൾ അറിയുന്ന ഒരു അംഗം നിർബന്ധമായും ഉണ്ടായിരിക്കണം.
പ്രതിപക്ഷത്തിന്റെ
നിരസിച്ച നിർദ്ദേശങ്ങൾ
ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യംവേണം. സ്വത്തു തർക്കം പരിഗണിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിൽ നിലനിർത്തണം.
ബോർഡ് മെമ്പർമാരുടെ നിയമനം സുതാര്യമായിരിക്കണം.
വഖഫ് ബോർഡുകളുടെ സ്വയംഭരണാവകാശം ശക്തിപ്പെടുത്തണം
ബില്ലിന്റെ ഉദ്ദേശ്യം
# വഖഫ് സ്വത്തു കൈകാര്യം ചെയ്യുന്നതിൽ സുതാര്യത. അനധികൃതമായ കൈവശംവയ്ക്കൽ തടഞ്ഞ് പുനക്രമീകരിക്കുക.
വഖഫ് ബോർഡുകളുടെയും സെൻട്രൽ വഖഫ് കൗൺസിലിന്റെയും പ്രവർത്തനത്തിൽ സുതാര്യത.
സമുദായത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായ പസ്‌മന്ദ മുസ്ലിമുകൾക്കും പ്രയോജനമുണ്ടാകണം.
ജെ.പി.സിയിലെ എം.പിമാർ
ആകെ - 31.
എൻ.ഡി.എ - 16
പ്രതിപക്ഷം - 13
വൈ.എസ്.ആർ കോൺഗ്രസ് - 1
നോമിനേറ്റഡ് അംഗം - 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |