ന്യൂഡൽഹി: 25 ശതമാനം അധിക തീരുവ പിൻവലിക്കാതെ വ്യാപാര ചർച്ചകളിൽ പുരോഗതിയുണ്ടാകില്ലെന്ന് യു.എസിനെ അറിയിച്ച് ഇന്ത്യ. ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചകളിലാണ് നിലപാടറിയിച്ചത്. വ്യാപാര കരാറിൽ ഏർപ്പെടുന്നതിനുള്ള തടസങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇന്നലത്തെ ചർച്ച. ആഭ്യന്തര ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്താണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നും അതിന്റെ പേരിൽ അധിക തീരുവ ചുമത്തിയത് അന്യായമെന്നും ഇന്ത്യൻ പക്ഷം ചൂണ്ടിക്കാട്ടി. യു.എസ് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിലെ എതിർപ്പും ചർച്ചയായി.
ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യു.എസ് വ്യാപാര പ്രതിനിധി സംഘമാണ് ഇന്നലെ ഡൽഹിയിൽ ഒരു ദിവസത്തെ ചർച്ചയ്‌ക്കെത്തിയത്. വാണിജ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരത്തിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, വ്യാപാര കരാറിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്‌തതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ചർച്ചകൾ സമഗ്രവും ഭാവി നീക്കങ്ങൾ മുന്നിൽ കണ്ടുമായിരുന്നു. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാർ എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യു.എസ് എംബസി വക്താവും ചർച്ചയിൽ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |