തിരുവനന്തപുരം: റണ്‍വേ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിസ്തൃതമാക്കാന്‍ സര്‍ക്കാര്‍ ചാക്കയില്‍ 12ഏക്കര്‍ ഭൂമി വിമാനത്താവള അതോറിട്ടിക്ക് കൈമാറും.റണ്‍വേ സുരക്ഷിതമല്ലാത്തതിനാല്‍ കരിപ്പൂരിലേതുപോലെ വലിയ വിമാനങ്ങള്‍ വിലക്കുമെന്നും വിമാനത്താവളത്തിന്റെ ലൈസന്‍സ് റദ്ദാക്കേണ്ടിവരുമെന്നും ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്കാണെങ്കിലും ഉടമസ്ഥരായ തങ്ങള്‍ക്ക് ഭൂമി കൈമാറിയാല്‍ മതിയെന്ന് എയര്‍പോര്‍ട്ട് അതോറിട്ടി ചെയര്‍മാനും സര്‍ക്കാരിനോടാവശ്യപ്പെട്ടു. നേരത്തേ ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനമിറക്കിയതാണെങ്കിലും അദാനിക്ക് നടത്തിപ്പ് കൈമാറിയതോടെ പിന്മാറുകയായിരുന്നു.
എല്ലാവര്‍ഷവും അന്താരാഷ്ട്ര ഓര്‍ഗനൈസേഷന്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാന്‍ സമയം നീട്ടിചോദിക്കുകയാണ് പതിവ്. വര്‍ഷങ്ങളായി താത്കാലിക ലൈസന്‍സിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.ഇനി ഇങ്ങനെ തുടരാനാവില്ലെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പ് നല്‍കിയതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.വിമാനം ലാന്‍ഡ് ചെയ്യുമ്പോഴുള്ള അപകടസാഹചര്യമൊഴിവാക്കാനാണ് ഈ നിബന്ധനകള്‍.
ഭൂമിയേറ്റെടുത്ത് സര്‍ക്കാര്‍ കൈമാറുക എയര്‍പോര്‍ട്ട് അതോറിട്ടിക്കായിരിക്കും.ഇതിന്റെ വില വിമാനത്താവള നടത്തിപ്പുകാരായ അദാനി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് നല്‍കും. അതോറിട്ടിയാവും സര്‍ക്കാരിന് ഭൂമി വില നല്‍കുക. ബ്രഹ്‌മോസും ഫയര്‍സ്റ്റേഷനുമടക്കം മാറ്റിസ്ഥാപിക്കാനും വലിയ ചെലവുണ്ടാവും. ഭൂമിക്കായി അദാനി എയര്‍പോര്‍ട്ട് അതോറിട്ടിക്ക് നല്‍കുന്ന പണം, അദാനി നല്‍കുന്ന പാട്ടത്തുകയില്‍ കുറവുചെയ്യും. ഓരോ യാത്രക്കാരനും 168രൂപ വീതം എയര്‍പോര്‍ട്ട് അതോറിട്ടിക്ക് അദാനി നല്‍കണമെന്നാണ് പാട്ടവ്യവസ്ഥ. അദാനിയുടെ നടത്തിപ്പിലുള്ള ഗുവാഹത്തി വിമാനത്താവളത്തിലും റണ്‍വേ സുരക്ഷിതമാക്കാന്‍ ഭൂമിയേറ്റെടുത്തത് ഈ വ്യവസ്ഥയിലാണ്.
ബേസിക് സ്ട്രിപ്പില്ല
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതാണ് പ്രശ്‌നം.റണ്‍വേയുടെ മദ്ധ്യത്തില്‍ നിന്ന് 150മീറ്റര്‍ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ല.റണ്‍വേയുടെ പലഭാഗത്തും 20മീറ്റര്‍ വരെ കുറവുണ്ട്. ആള്‍സെയിന്റ്‌സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്.
ഏറ്റെടുക്കേണ്ടത്
റണ്‍വേ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ 22.448ഏക്കര്‍ ഭൂമിയേറ്റെടുക്കണം. ഇതില്‍ 9.262ഏക്കര്‍ ശംഖുംമുഖത്തേക്കുള്ള റോഡിന്റെ ഭാഗമാണ്. ബ്രഹ്‌മോസിന്റെ 4.557, ഫയര്‍ഫോഴ്‌സിന്റെ 4.417, ചാക്ക ഐ.ടി.ഐയുടെ 0.007ഏക്കര്‍ വീതവും 4.205ഏക്കര്‍ സ്വകാര്യഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. 3373മീറ്റര്‍ നീളവും 60മീറ്റര്‍ വീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റണ്‍വേ.
കരിപ്പൂരിലെ അനുഭവം
റണ്‍വേ സേഫ്ടി ഏരിയാ 90മീറ്ററില്‍ നിന്ന് 240ആക്കാത്തതിനാല്‍ വലിയ വിമാനങ്ങള്‍ നാലുവര്‍ഷത്തിലേറെയായി കരിപ്പൂരിലിറങ്ങുന്നില്ല.
വലിയവിമാനങ്ങള്‍ക്ക് നിരോധനമുണ്ടായാല്‍ വിദേശ വിമാനക്കമ്പനികളെല്ലാം സര്‍വീസൊഴിവാക്കുന്നത് തിരിച്ചടിയാവും.
ഭൂമി ഏറ്റവും കുറവ് തിരുവനന്തപുരത്ത്
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും വാണിജ്യസംരംഭങ്ങള്‍ നിര്‍മ്മിക്കാനും തിരുവനന്തപുരത്ത് ഭൂമിയില്ല. നെടുമ്പാശേരിയില്‍ -1300, കണ്ണൂരില്‍ - 3200,ബംഗളൂരുവില്‍ - 5200 ഏക്കര്‍ വീതം ഭൂമിയുണ്ട്. വാണിജ്യാവശ്യത്തിനും ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |