കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ വികസനം പൂർത്തിയാവാൻ വൈകുന്നതിന്റെ ഭാരം ഇത്തവണയും ഹജ്ജ് തീർത്ഥാടകർ വഹിക്കേണ്ട സ്ഥിതിയിലാണ്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടാൻ 18,000 രൂപയോളം അധികം നൽകണം. 1,210 ഡോളറിനാണ് കരിപ്പൂരിൽ നിന്നുള്ള സർവീസിന് ടെൻഡറിൽ ഉറപ്പിച്ച തുക. നിലവിലെ വിനിമയ നിരക്കനുസരിച്ച് ഇത് 1,07,239 രൂപയാണ്. നിരക്ക് വർദ്ധനവിന് ഇത്തവണയും വഴിവച്ചത് വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണമാണ്. 2020 ആഗസ്റ്റ് ഏഴിന് എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ തകർന്ന് 21 പേർ മരിച്ച ദുരന്തത്തിനുശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് വിലക്കിയിട്ടുണ്ട്. ഇതിനുമുമ്പ് എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ് എയർ എന്നിവയുടെ വലിയ വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടത്തിയിരുന്നത്. ദുരന്തമുണ്ടായി അഞ്ചുവർഷം പിന്നിട്ടിട്ടും റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടില്ല.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ നാസും കണ്ണൂരിൽ നിന്ന് ഫ്ലൈ ഡീലുമാണ് സർവീസ് നടത്തുക. ഇവ സൗദി അറേബ്യയുടെ ബഡ്ജറ്റ് വിമാനക്കമ്പനികളാണ്. കൊച്ചിയിൽ നിന്ന് 87,652 രൂപയ്ക്കും (989 ഡോളറിനും) കണ്ണൂരിൽ നിന്ന് 89,690 രൂപയ്ക്കും (1,012 ഡോളർ) ആണ് ടെൻഡർ ഉറപ്പിച്ചിട്ടുള്ളത്. ആകാശ എയർ ആണ് കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെയും വഹിച്ച് ജിദ്ദയിലെത്തുക. പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേഷ് ജുൻജുൻ വാലയുടെ നേതൃത്വത്തിൽ 2022-ൽ മുബൈ ആസ്ഥാനമാക്കി തുടങ്ങിയ വിമാനക്കമ്പനിയാണ് ആകാശ എയർ. നിലവിൽ ഇവർക്ക് കരിപ്പൂരിലേക്ക് മറ്റ് സർവീസുകളില്ല. മുൻവർഷങ്ങളിൽ എയർ ഇന്ത്യയും സൗദി എയർലൈൻസുമാണ് ഹജ്ജ് സർവീസ് നടത്തിയിരുന്നത്. വലിയ വിമാനങ്ങൾക്കുള്ള വിലക്ക് മൂലം കരിപ്പൂരിൽ നിന്നുള്ള സർവീസിന് സൗദി എയർലൈൻസ് താത്പര്യം പ്രകടിപ്പിച്ചില്ല. സ്വകാര്യ മേഖലയിലേക്ക് കളം മാറിയതിന് പിന്നാലെ കരിപ്പൂരിൽ നിന്നുള്ള സ്ഥിരം സർവീസുകൾ തന്നെ വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ് എയർ ഇന്ത്യ. കഴിഞ്ഞ വർഷം എയർ ഇന്ത്യ ഈടാക്കിയ ഉയർന്ന നിരക്കിനെ ചൊല്ലി വലിയ വിവാദങ്ങളാണ് അരങ്ങേറിയത്.
സംസ്ഥാന സർക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും എം.പിമാരുടെയും ശ്രമഫലമായി നിരക്കിൽ ചെറിയ ഇളവ് വരുത്താൻ എയർ ഇന്ത്യ തയ്യാറായി. എന്നിട്ടും 1,25,000 രൂപയാണ് എയർ ഇന്ത്യ ഈടാക്കിയത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് സൗദി എയർലൈൻസ് യഥാക്രമം 86,000, 87,000 രൂപയും ആവശ്യപ്പെട്ടു. കരിപ്പൂരിൽ നിന്ന് കൊച്ചിയേയും കണ്ണൂരിനേയും അപേക്ഷിച്ച് 40,000 രൂപയോളം അധികം നൽകേണ്ടി വന്നു. ഇതിന് സമാനമായ നിരക്ക് ഇത്തവണയും ഏർപ്പെടുത്തിയാൽ വലിയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് ടിക്കറ്റ് നിരക്കിൽ ചെറിയ ഇളവ് വരുത്താൻ തയ്യാറായത്.
400ഓളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ വിമാനമാണ് കൊച്ചിയിൽ നിന്നെങ്കിൽ 180 പേരെ ഉൾക്കൊള്ളുന്ന ചെറിയ വിമാനമാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുക. കരിപ്പൂരിൽ നിന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് അഞ്ച് മണിക്കൂറോളം ഇടത്താവളമില്ലാതെ വിമാനങ്ങൾക്ക് പറക്കേണ്ടി വരുന്നതിനാൽ എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ എണ്ണം 155 ആയി കുറച്ചാണ് പുറപ്പെട്ടിരുന്നത്. ഇതും കരിപ്പൂരിൽ നിന്നുള്ള നിരക്ക് വർദ്ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
യാത്രക്കാർ എണ്ണത്തിലും കുറവ്
ടിക്കറ്റ് നിരക്ക് വർദ്ധനവ് മൂലം ഓരോ വർഷവും കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നുണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ നിന്നുള്ള 15,231 ഹജ്ജ് തീർത്ഥാടകരിൽ 5,755 പേർ മാത്രമാണ് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടത്. വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണത്തിന് തൊട്ടുമുമ്പ് വരെ ഹജ്ജ് യാത്രികരിൽ 70 ശതമാനത്തോളം കരിപ്പൂർ വഴിയാണ് പുറപ്പെടാറുള്ളത്. ഇത്തവണ ആയിരത്തിൽ താഴെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
ജൂണിനകം റെസ പൂർത്തിയാവും
കരിപ്പൂർ വിമാനത്താവളം റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തി അടുത്തവർഷം മൺസൂണിന് മുമ്പ് പൂർത്തിയാവുമെന്നാണ് വിമാനത്താവള അതോറിറ്റി അധികൃതർ പറയുന്നത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ റൺവേയുടെ രണ്ടറ്റങ്ങളിലേയും സുരക്ഷാ മേഖലയായ റെസയുടെ നീളം വർദ്ധിപ്പിക്കുന്ന പദ്ധതിയാണിത്. റൺവേയുടെ രണ്ടറ്റങ്ങളിലും 150 മീറ്റർ വീതം നീളം വർദ്ധിപ്പിച്ച് 240 മീറ്ററാക്കും. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണാണ് റെസ വികസനത്തിന് ആവശ്യമായി വരുന്നത്. വിമാന ദുരന്തത്തിന് ശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള സർവീസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. അപകട കാരണങ്ങളും സുരക്ഷയും പരിശോധിക്കാൻ രൂപവത്ക്കരിച്ച സമിതിയുടെ നിർദ്ദേശ പ്രകാരമാണ് 90 മീറ്ററിൽ നിന്ന് 240 മീറ്ററായി റെസ ഉയർത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |