കുമരകം : ചുട്ടുപൊള്ളുന്ന വേനലിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം കൂടിയായതോടെ കുമരകം നിവാസികളുടെ ദുരിതം ഇരട്ടിയായി. ഫാനില്ലാതെ അല്പനേരം പോലും അകത്തിരിക്കാൻ കഴിയാത്ത വിധം കൊടുംചൂട് അനുഭവപ്പെടുമ്പോഴാണ് കെ.എസ്.ഇബിയുടെ വക ഇരുട്ടടി. ഗാർഹിക ഉപഭോക്താക്കളും വ്യാപാരികളും ഓഫീസ് ജീവനക്കാരുമെല്ലാം ഇതുമൂലം ദുരിതത്തിലാണ്. രാത്രി വൈദ്യുതി മുടങ്ങുന്നതോടെ ഉറക്കവും നഷ്ടപ്പെടുന്ന സ്ഥിതി. അറ്റകുറ്റപ്പണികളുടെ പേരിൽ മുൻകൂട്ടി അറിയിപ്പു നൽകിയുള്ള വൈദ്യുതിമുടക്കത്തിന് പുറമേയാണ് അപ്രഖ്യാപിത വൈദ്യുതിമുടക്കം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്. കാരണം തിരക്കി വിളിച്ചാൽ വ്യക്തമായ മറുപടി നൽകില്ല. ചെങ്ങളം സബ് സ്റ്റേഷൻ മുതൽ കവണാറ്റിൻകര ഭാഗത്തേക്കും തെക്കോട്ട് റിസോർട്ട് മേഖലകളിലേക്കും എ.ബി.സി കേബിൾ വലിയ്ക്കുന്ന ജോലികൾ ആരംഭിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. ഇത് പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. ലൈനിലെ പണികൾ നടക്കുന്ന ഭാഗം മാത്രമായി ബാക്ക് ഫീഡ് ചെയ്താൽ പ്രതിസന്ധി കുറച്ച് ലഘൂകരിക്കാനാകുമെന്നാണ് അഭിപ്രായം.
ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രതിസന്ധിയിൽ
ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യം വലിയ കഷ്ടത്തിലാണ്. പെട്ടെന്ന് വൈദ്യുതി നിലയ്ക്കുകയും ഏതാനും മിനിറ്റ് കഴിയുമ്പോൾ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് യന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുകയാണ്. ഇത് വ്യാപാര സ്ഥാപനങ്ങളിലെയും ബാർബർ ഷോപ്പുകൾ പോലുള്ള സ്ഥാപനങ്ങളിലെയും ഇലക്ട്രിക് ഉപകരണങ്ങൾ തകരാറിലാകാനും കാരണമാകുന്നു. ജനറേറ്റർ ഇല്ലാത്ത ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ വൈദ്യുതി നിലയ്ക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
''തുടർച്ചയായ വൈദ്യുതി മുടക്കം വ്യാപാരി വ്യവസായ മേഖലയിൽ തൊഴിൽ ചെയ്യാൻ സാധിക്കാതായിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്ഥിതി തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും.
-ആസാദ് കരിയിൽ (സെക്രട്ടറി വ്യാപാരി വ്യവസായി സമിതി കുമരകം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |