കിളിമാനൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി.പഴയകുന്നുമ്മൽ വില്ലേജ് ഓഫീസർ ഡി.വിജയകുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
പതിറ്റാണ്ടുകളായി കരമടച്ചുകൊണ്ടിരിക്കുന്ന കരഭൂമി വില്ലേജ് ഓഫീസ് ഡിജിറ്റലായ സമയത്ത് തരം മാറി വയലായി തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ രേഖകളും തെളിവുകളും കൃഷി ഓഫീസിൽ നിന്നുൾപ്പെടെ വില്ലേജ് ഓഫീസിൽ സമർപ്പിച്ചിട്ടും പരാതിക്കാരനെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒാഫീസിൽ നിരവധിത്തവണ കയറ്റിയിറക്കുകയും ഒടുവിൽ വസ്തു തരംമാറ്റുന്നതിന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
ഇതില്ലെന്നു പറഞ്ഞതോടെ 5000 രൂപയ്ക്ക് ഭൂമി തരം മാറ്റി പോക്കുവരവ് ചെയ്ത് തരാമെന്ന് സമ്മതിച്ചു.ഇത് ഭൂവുടമ വിജിലൻസിനെ അറിയിച്ചു.തുടർന്ന് വിജിലൻസ് നൽകിയ തുകയുമായി പരാതിക്കാരൻ വില്ലേജ് ഓഫീസിന് പുറത്ത് നിൽക്കുകയും തുക കൈമാറുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു.
വിജിലൻസ് സതേൺ യൂണിറ്റ് ഡിവൈ.എസ്.പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി.ഐ അൻസാരി,അശ്വിനി,അഭിജിത്ത്,നിസാം എന്നിവരടങ്ങുന്ന സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.
മുൻപും പരാതി
സി.പി.ഐ ഉൾപ്പെടെ ഈ വില്ലേജ് ഓഫീസറെ മാറ്റണമെന്നാവശ്യപ്പെട്ട് സമരം പ്രഖ്യാപിക്കുകയും വകുപ്പ് മന്ത്രിക്ക് പരാതിയും നൽകിയിരുന്നു. വർഷങ്ങളായി കരമടയ്ക്കാതെ കിടന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് നികുതിയടച്ച് നൽകി,കിളിമാനൂർ ജംഗ്ഷനിലെ നാല് സെന്റ് ഭൂമി സ്വകാര്യ വ്യക്തിയുടേതെന്ന് സ്ഥാപിക്കാൻ പഞ്ചായത്തിനെതിരെ കോടതിയിൽ കേസ് കൊടുക്കാൻ ഇയാൾക്ക് ഒത്താശ ചെയ്തു തുടങ്ങി നിരവധി ആരോപണങ്ങൾ ഈ വില്ലേജ് ഓഫീസർക്കെതിരെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |