വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ സൗജന്യ യാത്രാപ്രശ്നത്തിനു കമ്പനി ഉദ്ദേശിച്ച രീതിയിൽ പരിഹാരമാകുന്നു. പന്നിയങ്കര ടോൾ പ്ലാസയിൽ ആറു പഞ്ചായത്ത് പരിധിയിലുള്ള പ്രദേശവാസികളുടെ സൗജന്യ യാത്രക്ക് ശാശ്വത പരിഹാരമാകുന്നതിനായി ഒടുവിൽ നാട്ടുകാരും രാഷ്ട്രീയ നേതൃത്വവും എത്തുന്നതിന്റെ ലക്ഷണങ്ങളാണ് നിലവിൽ കാണുന്നത്. നിശ്ചിത ദൂരപരിധിയിലുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിച്ച് പ്രശ്നം പരിഹരിക്കാനാണ് അനൗദ്യോഗിക ചർച്ചകൾ നടന്നു വരുന്നത്.
ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ വായു ദൂരത്തിലുള്ളവർക്ക് സൗജന്യ പാസ് അനുവദിക്കാൻ തയ്യാറായി ടോൾ കമ്പനി നിർദിഷ്ട പ്രദേശത്തെ വാഹന ഉടമകളിൽ നിന്നും ആർ.സി ബുക്കിന്റെ പകർപ്പും രണ്ട് തിരിച്ചറിയൽ രേഖകളുടെ കോപ്പികളും വാങ്ങുന്നുണ്ട്. സൗജന്യമില്ല എന്ന നിലയിൽ നിന്ന് വിട്ടുവീഴ്ച്ച ചെയ്തു എന്ന് കമ്പനി വാദിക്കുന്നു.
എന്നാൽ 10 കിലോ മീറ്റർ ദൂരപരിധിയിലുള്ളവർക്ക് സൗജന്യ പ്രവേശനം നൽകണമെന്ന് ജനപ്രതിനിധികളും സമര രംഗത്തുള്ളവരുമെല്ലാം ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ആറു പഞ്ചായത്തിലുള്ളവർക്ക് പൂർണ സൗജന്യമെന്ന ആവശ്യത്തിൽ നിന്ന് സമരങ്ങൾ നടത്തി മടുത്ത നാട്ടുകാരുമെത്തി. ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴി തെളിഞ്ഞത്. ദൂരപരിധിയിൽ പരസ്പരം വിട്ടുവീഴ്ച ചെയ്ത് ഇതുവരെ പ്രശ്നങ്ങളില്ലാതെ പോയ സമര പരിപാടികൾ സമാധാനപരമായി അവസാനിപ്പിക്കാനാണ് കൂടിയാലോചനകൾ.
പരിഹാരം അടുത്തമാസം ആദ്യത്തോടെ
രണ്ടു വിഭാഗങ്ങളുടെയും വാദങ്ങളും അവകാശങ്ങളും സമന്വയിപ്പിച്ച് അനുരഞ്ജന പരിഹാരം അടുത്തമാസം ആദ്യത്തോടെ ഉണ്ടാക്കാനാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് കമ്പനി അഞ്ചു കിലോമീറ്റർ പരിധിയിൽ ഉള്ളവരുടെ രേഖകൾ വാങ്ങാൻ തുടങ്ങിയപ്പോൾ എതിർശബ്ദം ഉണ്ടാവാതിരുന്നതും, ജനങ്ങൾ രേഖകൾ നൽകാൻ തുടങ്ങിയതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |