തിരുവനന്തപുരം: സംഘടനയിലും സ്ഥാനാർത്ഥി നിർണയത്തിലും ഈഴവരാദി പിന്നാക്ക സമുദായങ്ങളെ വെട്ടിനിരത്തുന്ന സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം തുടർന്നാൽ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭരണത്തിലേറുക ബുദ്ധിമുട്ടാവുമെന്ന് എ.ഐ.സി.സിയുടെ പ്രാരംഭ രഹസ്യ സർവേ. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മുന്നേറാൻ കഴിയാത്ത സ്ഥിതിയാവുമെന്നും സർവേയിൽ പറയുന്നു.
ജനസംഖ്യയിൽ 29 ശതമാനത്തോളം വരുന്ന ഈഴവർക്ക് കോൺഗ്രസിൽ നേരിടേണ്ടിവരുന്ന കടുത്ത അവഗണന സംബന്ധിച്ച് നിരവധി പരാതികളാണ് എ.ഐ.സി.സിക്ക് ലഭിക്കുന്നത്.
ഈഴവ സമുദായത്തെ അവഗണിച്ച് യു.ഡി.എഫിന് അധികാരത്തിലെത്തുക ശ്രമകരമായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കോഴിക്കോട് നിന്നുള്ള മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ തുറന്നടിച്ചിരുന്നു. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇത്.
2021ലെ സർവേ
അവഗണിച്ചു
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിന് കോൺഗ്രസ് 35 സീറ്റ്
നൽകണമെന്നായിരുന്നു എ.ഐ.സി.സി നടത്തിയ സർവേകളുടെ അടിസ്ഥാനത്തിൽ നേതൃത്വത്തോട് ശുപാർശ ചെയ്തത്.എന്നാൽ,കോൺഗ്രസ് മത്സരിച്ച 98 സീറ്റിൽ 14 എണ്ണം മാത്രമാണ് നൽകിയത്.അതിലേറെയും ജയസാദ്ധ്യത കുറഞ്ഞ മണ്ഡലങ്ങളായിരുന്നു.അപ്രധാന സ്ഥാനാർത്ഥികളെ നിറുത്തിയെന്ന ആക്ഷേപവും ഉയർന്നിരുന്നു.വിശ്വകർമ്മ തുടങ്ങിയ
പിന്നാക്ക വിഭാഗങ്ങൾക്ക് സീറ്റില്ല. ഈഴവ സമുദായത്തിന് 27 സീറ്റാണ് സി.പി.എം നൽകിയത്. പിന്നാക്ക വിഭാഗങ്ങൾക്ക് 35 സീറ്റ് നൽകിയ എൽ.ഡി.എഫിന് 99 സീറ്റോടെ തുടർ ഭരണം.യു.ഡി.എഫ് 41 സീറ്റിൽ ഒതുങ്ങി.കോൺഗ്രസ് ജയിച്ചത് 22 സീറ്റിൽ.അതിൽ ഈഴവ എം.എൽ.എ ഒരാൾ മാത്രം- കെ.ബാബു.
വെട്ടിനിരത്തൽ 2006 മുതൽ;
കോൺഗ്രസിന്റെ തകർച്ചയും
നിയമസഭയിൽ കോൺഗ്രസിന് 29 ഈഴവ എം.എൽ.എമാർ ഉണ്ടായിരുന്നതാണ്.
വിശ്വകർമ്മ,ധീവര,നാടാർ സമുദായങ്ങൾക്കും പ്രാതിനിദ്ധ്യം ലഭിച്ചിരുന്നു. കെ.കരുണാകരനും,
ആന്റണിക്കും ശേഷം കോൺഗ്രസിൽ പുതിയ നേതൃത്വം വന്നതോടെ, 2006 മുതൽ
പിന്നാക്കക്കാരെ വെട്ടിനിരത്താൻ തുടങ്ങി.35 സീറ്റുവരെ കൊടുത്തിരുന്നത് 17 ആയി
ചുരുങ്ങി.അതോടെ തുടങ്ങി കോൺഗ്രസിന്റെ തകർച്ചയും.ആ തിരഞ്ഞെടുപ്പിൽ ഭരണത്തിൽ വന്നത് വി.എസ് സർക്കാർ. 2011ൽ നാല് സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ, ഈഴവ എം.എൽ.എമാർ മൂന്ന്. 2016 ലും 2021ലും അത് ഒന്നായി ചുരുങ്ങി. അവഗണനയിൽ നാടാർ സമുദായവും കടുത്ത അതൃപ്തിയിലാണ്.
കേരളകൗമുദി പത്ര
കട്ടിംഗ് ഡൽഹിക്ക്
ഈഴവരെ അവഗണിക്കുന്നത് യു.ഡി.എഫിന് ദോഷകരമാവുമെന്ന മുന്നറിയിപ്പാണ് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ കഴിഞ്ഞ ദിവസം കേരളകൗമുദിയുമായി നടത്തിയ അഭിമുഖത്തിൽ നൽകിയത്.ഈ റിപ്പോർട്ടിന്റെയും സി.പി.ജോണിനെ
അനുകൂലിച്ചുള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിന്റെയും ഇംഗ്ളീഷിൽ പരിഭാഷപ്പെടുത്തിയ പത്ര കട്ടിംഗുകൾ ഹൈക്കമാൻഡിന് കോൺഗ്രസ് പ്രവർത്തകർ അയച്ചു കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |