ആലപ്പുഴ: പുതുവർഷം പിറന്ന് മാസമൊന്ന് തികയും മുമ്പേ തുറവൂർ- അരൂർ പാതയിലുണ്ടായ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ പൊലിഞ്ഞത് ആറു ജീവനുകൾ.
ഇതിൽ മൂന്നുപേരുടെ ജീവൻ നഷ്ടമായത് ഒരാഴ്ചയ്‌ക്കകം. കഴിഞ്ഞ ഒരുവർഷം കൊണ്ട് 16 പേർക്ക് ജീവഹാനി സംഭവിച്ച പ്രദേശത്താണ് ഒരുമാസത്തിനുള്ളിൽ ഇത്രയധികം മനുഷ്യ ജീവനുകൾ നിരത്തിൽ ഹോമിക്കപ്പെട്ടതെന്നതിന്റെ വലിയ ആശങ്കയിലാണ് നാട്ടുകാർ.
അപകടങ്ങളൊഴിവാക്കാൻ പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി 'ജപം' ഉൾപ്പടെ നടപടികൾ ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും നിരത്തിലെ കുരുതിക്ക് അറുതിവരുത്താൻ കഴിയുന്നില്ലെന്നതാണ് വാസ്തവം.
എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായുള്ള പൈലിംഗ് ജോലികൾ അവസാനിച്ച്, ഗതാഗതതടസങ്ങൾ നീങ്ങിയശേഷവും സ്ഥലം സ്ഥിരം അപകടമേഖലയായി മാറുന്നതിനുള്ള കാരണങ്ങൾ വിലയിരുത്തുന്നതിനോ പരിഹാരം കാണാനോ അധികൃതർ ശ്രദ്ധിക്കാത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. നിർമ്മാണ കമ്പനി കൈക്കൊള്ളേണ്ട സുരക്ഷാ നടപടികളിലെ വീഴ്ചകളും അപകടങ്ങൾക്ക് കാരണമാണ്.
കഴിഞ്ഞവർഷം പൈലിംഗ് സമയത്ത് റോഡ് തകർന്നും ചെളിക്കുണ്ടായും ഹൈക്കോടതിയുടെ കർശന ഇടപെടൽ പോലും വേണ്ടിവന്ന ഇവിടെ റോഡ് ടൈലിംഗ് നടത്തിയശേഷം ജില്ലാഭരണകൂടം പോലും തിരിഞ്ഞുനോക്കിയിട്ടില്ല. തുടർച്ചയായ അപകടങ്ങളിൽ രോഷാകുലരായ നാട്ടുകാർ കളക്ടറുടെ ഫേസ് ബുക്ക് പേജിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടും വിലയിരുത്തലിനോ, ദുരന്ത നിവാരണത്തിനോ യാതൊരു നടപടിയുമുണ്ടായില്ല.
അമിതവേഗം, അശ്രദ്ധ, വെളിച്ചക്കുറവ്
1.എലിവേറ്റഡ് ഹൈവേ നിർമ്മാണമേഖലയിൽ സർവീസ് റോഡാണ് ഗതാഗതത്തിന് ആശ്രയം. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലത്തെ ഏറ്റവും ഇടുങ്ങിയ സർവീസ് റോഡാണ് അരൂർ - തുറവൂർ മേഖലയിലുള്ളത്.
2.അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും ഓവർടേക്കിംഗുമാണ് അപകടങ്ങൾക്ക് കാരണം. തുറവൂർ മുതൽ ചമ്മനാട് വരെയുള്ള ഭാഗം ഒഴികെ രാത്രിയിൽ വഴിവിളക്കുകൾ ഇല്ലാത്തതും അപകടമേഖലയാക്കുന്നു
3.തുറവൂർ മുതൽ അരൂർവരെ ദേശീയപാതയിൽ അരഡസനോളം പ്രധാന ജംഗ്ഷനുകളാണുള്ളത്.രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളുൾപ്പെടെ ധാരാളം പേർ യാത്ര ചെയ്യുന്ന ഇവിടെ കവലകളിൽ പോലുംമതിയായ സുരക്ഷയില്ല
4. കരാർ കമ്പനിയോ പൊലീസോ എല്ലാ ജംഗ്ഷനുകളിലും ട്രാഫിക് വാർഡൻമാരെ നിയോഗിക്കുകയും ഓവർടേക്കിംഗും അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും തടയാൻ പരിശോധനകൾ കർശനമാക്കുകയും വേണം
അപകടമരണം
(ജനുവരിയിൽ)
#തുറവൂരിൽ പട്ടണക്കാട് ക്ഷേത്രത്തിന് സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് വാരനാട് വേങ്ങയിൽ രതി(60) മരിച്ചു.
#കുമ്പളം പാലത്തിന് സമീപം കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വാഴത്തുവീട്ടിൽശശി (63) മരണമടഞ്ഞു
#സ്കൂട്ടർ ബാരിക്കേഡിൽ തട്ടി തലവടി വെള്ളക്കിണർ ആനച്ചേരിൽപ്രവീൺ (24) മരിച്ചു
# ബൈക്ക് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് തുറവൂർ എൻ.സി.സി കവലയിൽ കടക്കരപ്പള്ളി ഒറ്റപ്പുന്ന സ്വദേശി ഷിതിൻ തങ്കച്ചൻ മരണപ്പെട്ടു
# അരൂർ പൊലീസ് സ്റ്റേഷന് സമീപം ഉയരപ്പാത നിർമ്മാണ സ്ഥലത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് ചന്തിരൂർ കോന്നിച്ചിറയിൽ അക്ബർ ദിൽഷാദ് (23) മരിച്ചു
# അരൂർ കെൽട്രോൺ കവലക്ക് സമീപം കണ്ടെയ്നർ ലോറി ഇടിച്ച് കുമ്പളങ്ങി സ്വദേശി കൊഴാപ്പിളളി ആനന്ദൻ (57) മരിച്ചു
2024
അപകടങ്ങൾ:417
മരണം:16
പരിക്ക്:307
..............................................
അരൂർ തുറവൂർ മേഖലയിലെ അപകടങ്ങൾക്ക് പ്രധാന കാരണം റോഡിന്റെ വീതിക്കുറവാണ്. അമിതവേഗവും അശ്രദ്ധയും അപകടങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. ചേർത്തല എ.എസ്.പിയുടെ നേതൃത്വത്തിൽ സുരക്ഷാ നടപടികൾ കൈക്കൊള്ളും
- ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ
.......................
അരൂർ - തുറവൂർ മേഖലയിൽ അപകടങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ ശക്തമാക്കും.
- ആർ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |