കോഴിക്കോട്: സമ്പൂർണ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് കോഴിക്കോടും. ജില്ലയിലെ 6,773 അതിദരിദ്ര കുടുംബങ്ങളിൽ 5,142 കുടുംബങ്ങളും (75%) അതിദാരിദ്ര്യ മുക്തമായി. ബാക്കിയുള്ളവയിൽ 1,337 കുടുംബങ്ങൾക്ക് വാസസ്ഥലവും 13 കുടുംബങ്ങൾക്ക് വരുമാനമാർഗ്ഗവും വെെകാതെ ഒരുക്കും. ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് കോർപ്പറേഷനിലെയും ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും സ്ഥിതി വിലയിരുത്തി. അതിദാരിദ്ര്യ പട്ടികയിൽ ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങളുടെ എണ്ണം 430 ആണ്. ഇവരിൽ 230 കുടുംബങ്ങളും നഗരപ്രദേശങ്ങളിലാണ്. 285 കുടുംബങ്ങൾക്ക് വീട് മാത്രം വേണം. ഇതിൽ 163 വീടുകളുടെ പ്രവൃത്തി നടക്കുന്നു. 122 പേർ വീട് നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കാനുണ്ട്. വീട് അറ്റകുറ്റപ്പണി ആവശ്യമുള്ള 223 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 143 വീടുകളുടെ അറ്റകുറ്റപ്പണി നടക്കുന്നു. 80 കുടുംബങ്ങൾ കരാർ വെക്കാനുണ്ട്. സ്ഥലവും വീടും ഇല്ലാത്ത കോർപ്പറേഷൻ പരിധിയിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് വീട്/ഫ്ലാറ്റ് നിർമിക്കാൻ കേളാട്ടുകുന്ന്, ബേപ്പൂർ എന്നിവിടങ്ങളിലെ സർക്കാർ ഭൂമി പരിശോധിക്കും. 32 കുടുംബങ്ങൾക്ക് കല്ലുത്താൻകടവിലെ ഫ്ലാറ്റിൽ താമസം ഉറപ്പാക്കും. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ പി.എം പുരുഷോത്തമൻ, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി ഡയറക്ടർ പി. വി.ജസീർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ലിഷ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വീടും സ്ഥലവും വേണ്ടവർ (നഗരങ്ങളിൽ )
കോഴിക്കോട് ....149
കൊയിലാണ്ടി ....33
കൊടുവള്ളി....17
രാമനാട്ടുകര ....14
വടകര ....5
ഫറോക്ക് ....5
മുക്കം.... 4
പയ്യോളി.... 3
ആകെ 230 കുടുംബങ്ങൾ
വീട് മാത്രം വേണ്ടവർ
കോഴിക്കോട് .... 23
കൊയിലാണ്ടി.... 23
കൊടുവള്ളി.... 11,
രാമനാട്ടുകര.... 15
വടകര.... 0
മുക്കം.... 6
പയ്യോളി.... 6
ആകെ 84 കുടുംബങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |