ആറ്റിങ്ങൽ: കനത്തചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. താപനില ഉയരുന്നതുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയംപ്രതിരോധം വളരെ പ്രധാനമാണ്. ഉയർന്നചൂടുമൂലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു. പുറത്ത് ജോലി ചെയ്യുന്നവർ ജോലിസമയം ക്രമീകരിക്കേണ്ടതുണ്ട്. ശരീരത്തിലെ ജലം നഷ്ടപ്പെടുന്നതിലൂടെ നിർജലീകരണമുണ്ടാകുന്നു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധമാർഗം. ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാലുടൻ ചികിത്സ തേടണം. തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയർന്ന ശരീരതാപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ ശ്രദ്ധിക്കണം. ചൂടുകുരു, പേശിവലിവ്, ചർമ്മരോഗങ്ങൾ, വയറിളക്കം, നേത്രരോഗങ്ങൾ, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയവ ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്നവയാണ്. രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ചികിത്സ തേടുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയങ്ങളിൽ പരമാവധി വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്
ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക
തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
പകൽ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |