ചാലക്കുടി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പാമ്പാടി രാജനുമെല്ലാം ആന പ്രേമികളുടെ മനസിൽ നിന്നകലുകയാണോ? കാടിറങ്ങുന്ന കൊമ്പന്മാരാണ് ഇന്ന് ആളുകളുടെ മനസിൽ ഇടംപിടിക്കുന്നത്. കബാലിയും ഏഴാറ്റുമുഖം ഗണിപതിയും കട്ടപ്പയുമെല്ലാം വാർത്തകളിൽ നിറയുകയാണ്. കാട്ടാനകൾക്ക് പേരിടൽ, ഇവയെ ആരാധിക്കൽ തുടങ്ങിയ കാര്യങ്ങൾ നിയമം മൂലം വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്. കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ മേഖലയാണ് അതിരപ്പിള്ളി. തുമ്പൂർമുഴി മുതൽ കേരളത്തിന്റെ കിഴക്കേ അറ്റത്തെ മലക്കപ്പാറ വരെയുള്ള പ്രദേശം കാട്ടാനകൾ കീഴടക്കുകയും ചെയ്തു. റോഡിലും ജനവാസ കേന്ദ്രത്തിലുമെത്തുന്ന കാട്ടാനകളിൽ ചിലത് അപകടകാരികളും കാടിറങ്ങുന്ന ആനകളിൽ ചിലത് യാത്രക്കാർക്ക് കൗതുകക്കാഴ്ചകളും സമ്മാനിക്കുന്നു. കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തി നാട്ടുകാരുടെ കണ്ണിൽ പ്രശസ്തരായ കൊമ്പന്മാരെ പരിചയപ്പെടാം.
അതിരപ്പിള്ളി മഞ്ഞക്കൊമ്പൻ
നാൽപതിനും നാൽപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള മഞ്ഞക്കൊമ്പൻ പ്രളയകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന ആനയാണ്. പിള്ളപ്പാറയിൽ പുഴയിൽ കുടുങ്ങിയ കൊമ്പൻ മണിക്കൂറുകളോളം ഒഴുക്കിനെ അതിജീവിച്ചു നിന്നു. കലിതുള്ളിയ പുഴയിലെ കുത്തൊഴുക്കിനെ മറികടന്ന സംഭവമാണ് വാർത്തയായി നിറഞ്ഞത്. പിള്ളപ്പാറയിലെ അന്നത്തെ കരുത്തിൽ പിന്നീട് ഇവനെ മഞ്ഞക്കൊമ്പനെന്ന് വിളിച്ചു തുടങ്ങി. കണ്ണൻകുഴിയിൽ ബാലികയെ വകവരുത്തിയത് നാൽപത് വയസിൽ അധികം പ്രായമുള്ള ഈ ആനയാണെന്ന് പറയുന്നു. വാച്ചുമരം ഉന്നതിയിലെ മൂപ്പൻ രാജന്റെ ഭാര്യ വത്സയെ വകവരുത്തിയതും ഇവനാണത്രെ. പിള്ളപ്പാറ, കണ്ണംകുഴി, പ്ലാന്റേഷൻ എന്നിവിടങ്ങൾ വിഹാര കേന്ദ്രങ്ങൾ. മദപ്പാട് വേളയിലാണ് വാച്ചുമരത്തേയ്ക്കുള്ള സഞ്ചാരം. എണ്ണപ്പനയുടെ ചോറും പുല്ലും പ്രധാന തീറ്റ.
അതിരപ്പിള്ളി ഭീമ
ഏറ്റവും തലയെടുപ്പിൽ പ്രത്യക്ഷപ്പെടുന്ന കാട്ടുകൊമ്പനെ അതിരപ്പിള്ളി ഭീമ എന്നു വിളിക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. ഇവന്റെ തലയെടുപ്പിൽ പെരുമുഖത്തിന്റെ അസാമാന്യ വലിപ്പമാകാം ഇതിന് കാരണം. പത്തടിയോളം ഉയരം വരും. നാൽപതിൽ കൂടുതൽ പ്രായമുണ്ട്. വെറ്റിലപ്പാറ, പ്ലാന്റേഷൻ മേഖലയാണ് അതിരപ്പിള്ളി മേഖലയിലെ സഞ്ചാരപഥം. മദപ്പാടുമായി ആരും ഇതുവരെ കണ്ടിട്ടില്ല. പലപ്പോഴും കൃഷിയിടങ്ങളിൽ എത്താറുണ്ടെങ്കിലും ഇതിനെ അപകടകാരിയല്ലാത്ത ആനകളുടെ പട്ടികയിൽ നാട്ടുകാർ ഉൾപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |