കൊച്ചി: പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാൻ കൊച്ചിയിൽ ആരംഭിച്ച് വിജയംനേടിയ സംരംഭം ദുബായിലേയ്ക്കും. ഫാബ്‌കോ ബ്രഹ്മപുരത്ത് സ്ഥാപിച്ച ബയോ സൈക്കിൾ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം വിജയമാണെന്ന് ദുബായിൽ നിന്നുള്ള ഉന്നതസംഘം വിലയിരുത്തി.
കൊച്ചി നഗരപരിധിയിലെ ജൈവമാലിന്യം സംസ്‌കരിക്കാനാണ് ഫാബ്‌കോ ബയോ സൈക്കിൾ ആരംഭിച്ചതെന്ന് ഡയറക്ടർമാരായ പി.വി. നിയാസും പി.എ. ലത്തീഫും പറഞ്ഞു. ഇതിനകം 12,000 ടൺ മാലിന്യം സംസ്‌കരിച്ചു. ഒരുദിവസം 50 ടൺ മാലിന്യം പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് സംസ്‌കരിക്കും. ഒപ്പം ജൈവവളവുംഉത്പാദിപ്പിക്കുന്നു. ഫ്രാസ് എന്നാണ് വളത്തിന് പറയുന്നത്.
കുറഞ്ഞസമയം കൊണ്ട് കൂടുതൽ മാലിന്യം കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണ്. ബംഗളൂരുവിൽ പ്രതിദിനം 500 ടൺ മാലിന്യം സംസ്‌കരിക്കുന്ന പദ്ധതി ആരംഭിച്ചു.
ബ്ലാക്ക് സോൾജിയർ ഫ്‌ളൈ (ബി.എസ്.എഫ് ) പദ്ധതി പഠിക്കാൻ എം.എ.എച്ച്.വൈ ഖൂറി ആൻഡ് കമ്പനിയുടെ പ്രതിനിധികളായ സലാഹുദ്ദീൻ ഷെറാഫി, ഷബീർ ഹൈദരി, ഹുസൈഫ റംഗ്വാല എന്നിവർ സംസ്‌കരണശാല സന്ദർശിച്ചു.
മാലിന്യം വളമാക്കും പട്ടാളപ്പുഴു
പട്ടാളപ്പുഴുവിന്റെ പ്രധാനഭക്ഷണം മാംസവും ജൈവമാലിന്യവുമാണ്. പ്രതിദിനം 200 ഗ്രാം മാലിന്യം വരെ ഓരോ പുഴുവും അകത്താക്കും. ഇണ ചേരുന്നതോടെ ആണീച്ചയും മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാകും. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവകളാണ് മാലിന്യം തിന്ന് വളമാക്കുന്നത്.
ലാർവയുടെ ആയുസ് 22 ദിവസമാണ്. ലാബിൽ വളർത്തിയെടുക്കുന്ന ലാർവയെ കലർത്തുന്നതോടെ രണ്ട് ആഴ്ചയ്ക്കുള്ളിൽ ജൈവമാലിന്യം വളമാകും. വളത്തിൽ നിന്ന് ലാർവയെ വേർതിരിച്ചെടുത്ത് വേവിച്ച് മൃഗങ്ങൾക്കും കോഴികൾക്കും മത്സ്യങ്ങൾക്കും തീറ്റയായും നൽകാം.
സാങ്കേതികവിദ്യ ഞങ്ങളുടെ രാജ്യത്ത് അവതരിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ചെലവ് കുറഞ്ഞ സംവിധാനമാണെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ആകർഷണം.
സലാഹുദ്ദീൻ ഷെറാഫി
ചെയർമാൻ
എം.എ.എച്ച്.വൈ ഖൂറി ആൻഡ് കമ്പനി
നഗര മാലിന്യ സംസ്‌കരണ രംഗത്ത് അന്താരാഷ്ട്ര സഹകരണത്തിന്റെ സാദ്ധ്യത അടിവരയിടുന്നതാണ് ദുബായ് സംഘത്തിന്റെ സന്ദർശനം. ജനസംഖ്യ കൂടുതലുള്ള നഗരപ്രദേശങ്ങളിലെ മാലിന്യസംസ്‌കരണത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ സാങ്കേതികവിദ്യയ്ക്ക് കഴിയും
പി.വി. നിയാസ്, പി.എ. ലത്തീഫ്
ഡയറക്ടർമാർ
ഫാബ്‌കോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |