
ശിവഗിരി: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവനും ശിവഗിരിമഠവും കേരളകൗമുദിയുമായുള്ള ചരിത്ര ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലുമായി സംഘടിപ്പിച്ച ശിവഗിരി പരിണാമതീർത്ഥം സെമിനാർ 93-ാമത് ശിവഗിരി തീർത്ഥാടനത്തിനുള്ള കേളികൊട്ടായി.
കേരളകൗമുദിയും ശിവഗിരി മഠവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. ശിവഗിരിയിൽ നടന്ന സെമിനാർ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ആധുനിക കേരളം സൃഷ്ടിക്കുന്നതിൽ ശ്രീനാരായണ ഗുരുദേവൻ നൽകിയ സംഭാവനകൾ വിസ്മരിക്കപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. മൈത്രിയും സാഹോദര്യവും ഉറപ്പാക്കാനും ഭൗതിക പുരോഗതി ആർജ്ജിക്കാനുമാണ് ഗുരുദേവൻ ആഹ്വാനം ചെയ്തതെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവ ദർശനത്തിന്റെ മൂല്യപ്രചാരണത്തിനും പ്രസരണത്തിനും കേരളകൗമുദി കാട്ടിയ ശ്രദ്ധയും സമർപ്പണവും എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനാണ് തന്റെ ഗൃഹസ്ഥ ശിഷ്യനായ സി.വി. കുഞ്ഞുരാമന്റെ പ്രസിദ്ധീകരണത്തിന് കേരളകൗമുദി എന്ന പേര് നൽകിയതെന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഐക്യകേരളം രൂപപ്പെടുംമുമ്പ് കേരളകൗമുദി എന്ന പേരു നിർദ്ദേശിച്ചത് ഗുരുദേവന്റെ ദീർഘദർശനമാണ് വ്യക്തമാക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ആമുഖപ്രഭാഷണം നടത്തി. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി, നഗരസഭ മുൻ കൗൺസിലർ പി.എം. ബഷീർ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ സ്വാഗതവും കേരളകൗമുദി പ്രാദേശിക ലേഖകൻ സജിനായർ നന്ദിയും പറഞ്ഞു.
ഗുരുദേവസന്ദേശം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പത്രം തുടങ്ങാനുള്ള താത്പര്യം ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന സി.വി. കുഞ്ഞുരാമൻ ഗുരുദേവനെ അറിയിച്ചതും, അദ്ദേഹം അനുമതി നൽകിയതുമടക്കമുള്ള ചരിത്ര മുഹൂർത്തങ്ങൾ സെമിനാറിൽ അനുസ്‌മരിക്കപ്പെട്ടു. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യവും ശ്രീനാരായണഗുരുദേവ ഭക്തരുടെ പങ്കാളിത്തവും കൊണ്ട് സെമിനാർ ശ്രദ്ധേയമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |