തിരുവനന്തപുരം: അച്ഛൻ ജഗതി എൻ.കെ.ആചാരിയുടെ നാടകം 'കറക്കുകമ്പനി' വീണ്ടും അരങ്ങിൽ നിറഞ്ഞുകണ്ടപ്പോൾ നടൻ ജഗതി ശ്രീകുമാർ ചെറുതായി കണ്ണീരണിയിച്ചു. എന്നാൽ, സമൂഹിക പ്രശ്നങ്ങളെ നർമ്മത്തിൽ പൊതിഞ്ഞുള്ള നാടകം ക്ലൈമാക്സിലെത്തിയപ്പോൾ നിറഞ്ഞ ചിരിയായിരുന്നു ആ മുഖത്തുണ്ടായിരുന്നത്. അതേ ചിരിയോടെയാണ് അച്ഛന്റെ കഥാപാത്രങ്ങളെ അവിസ്മരണിയമാക്കിയ നടീനടന്മാരെയും സംവിധായകൻ അടക്കമുള്ള പിന്നണി പ്രവർത്തകരെയും അദ്ദേഹം അനുമോദിച്ചത്.
ജഗതി എൻ.കെ.ആചാരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നാട്യഗൃഹത്തിന്റെ നേതൃത്വത്തിലാണ് 'കറക്കുകമ്പനി" എന്ന നാടകം വീണ്ടും അവതരിപ്പിച്ചത്.എം.വി.ഗിരീശനാണ് സംവിധാനം ചെയ്തത്. അച്ഛന്റെ നാടകം വീണ്ടും അവതരിപ്പിക്കുന്നതറിഞ്ഞ ജഗതി ശ്രീകുമാർ ഇന്നലെ വൈകിട്ട് 7ന് തന്നെ തൈക്കാട് ഗണേശത്തിലെത്തി.
ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നെങ്കിലും വേദിക്ക് മുന്നിലിരുന്ന് കുടുംബാംഗങ്ങൾക്കൊപ്പം നിർന്നിമേഷനായാണ് ഓരോ രംഗവും കണ്ടത്.
തൈക്കാട് ഗണേശത്തിൽ എത്തിയപ്പോൾ ആദ്യം കണ്ടത് അനുസ്മരണത്തിന്റെ ഭാഗമായി വേദിയിൽ വച്ചിരുന്ന ജഗതി എൻ.കെ.ആചാരിയുടെ ചിത്രമായിരുന്നെന്നും അതാണ് അദ്ദേഹത്തിന്റെ കണ്ണുകളെ ചെറുതായി ഈറനണിയിച്ചതെന്നും മകൻ രാംകുമാർ പറഞ്ഞു. കറക്കുകമ്പനി അടക്കമുള്ള എൻ.കെ.ആചാരിയുടെ നാടകങ്ങൾ വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കണ്ടിട്ടുണ്ട്. അപകടമുണ്ടായതിനുശേഷം ഇത് ആദ്യമായാണ് മുത്തച്ഛന്റെ നാടകം കാണുന്നതെന്നും രാംകുമാർ പറഞ്ഞു.
വളരെ ശ്രമപ്പെട്ടാണ് കറക്കുകമ്പനി നാടകം അവതരിപ്പിക്കാനായതെന്നും ജഗതി ശ്രീകുമാർ നേരിട്ടെത്തി നാടകം കണ്ടത് വലിയ അംഗീകാരമാണെന്നും സംവിധായകൻ എം.വി.ഗിരീശൻ പറഞ്ഞു.സജന ചന്ദ്രൻ,ജിക്കു ഇലഞ്ഞിക്കൽ,സുരേഷ് നായർ,രാജേന്ദ്രൻ,വിജയൻ നായർ,രജൂല മോഹൻ,ആർ.രാജേശ്വരി എന്നിവർ കഥാപാത്രങ്ങളായി വേഷമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |