തിരുവനന്തപുരം: വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി വന്യജീവികൾക്ക് കാട്ടിൽ ജലം, ഭക്ഷണം എന്നിവ ഉറപ്പാക്കാൻ മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ (എഫ്.എഫ്.ഡബ്ലിയു) പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്കായി ദുരന്തനിവാരണ അതോറിട്ടി 50 ലക്ഷം രൂപ അനുവദിച്ചു. വയനാട്ടിലെ വനമേഖലയിലുള്ള 6 റേഞ്ചുകളിൽ വന്യജീവി സംഘർഷബാധിതമായ 63 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിൽ ആദിവാസി സ്ത്രീയെ കടുവ കൊലപ്പെടുത്തിയത് അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ വനംവകുപ്പ് ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വനത്തിനുള്ളിൽ ജലലഭ്യതയും ഭക്ഷണവും കുറഞ്ഞു. ഇതോടെയാണ് വന്യജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു.
നടപടി മൂന്ന് ഘട്ടങ്ങളിലായി
1. ആദ്യഘട്ടത്തിൽ (ഫെബ്രുവരി 10ന് മുമ്പ്) വനത്തിലെ വയലുകൾ, കുളങ്ങൾ, അരുവികൾ തുടങ്ങിയവയുടെ വിവരശേഖരണം. പുൽമേടുകൾ, തുറസായ വനമേഖലകൾ, കൂപ്പ്- ട്രക്ക് പാത്തുകൾ എന്നിവയുടെ ഡേറ്റയും ശേഖരിക്കും.
2. രണ്ടാംഘട്ടത്തിൽ (ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെ) വേനലിൽ വറ്റിപ്പോകുന്ന അരുവികളിൽ ബ്രഷ് വുഡ് ചെക്ക്ഡാം നിർമ്മിക്കും. കുളങ്ങളിലെയും ഡാമുകളിലെയും ചെളിയും മണലും നീക്കി ശുചിയാക്കും. വരൾച്ച രൂക്ഷമായ ഭാഗങ്ങളിൽ കുളംകുഴിക്കുകയോ കോൺക്രീറ്റ് ടാങ്ക് നിർമ്മിക്കുകയോ ചെയ്യും.
3. മൂന്നാംഘട്ടത്തിൽ (മേയ് 1 മുതൽ ദീർഘകാലാടിസ്ഥാനത്തിൽ) അക്ക്വേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ അധിനിവേശ മരങ്ങൾ പൂവിടുന്നതിനു മുമ്പ് വേരോടെ പിഴുതുകളഞ്ഞ് നശിപ്പിക്കും വനത്തിനകത്ത് പുൽമേടുകളും തുറസായ സ്ഥലങ്ങളും സൃഷ്ടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |