കല്ലറ: കാർഷിക വിളകൾ മാത്രം നശിപ്പിച്ചിരുന്ന കാട്ടുപന്നികൾ മനുഷ്യരെക്കൂടി ഓടിച്ചിട്ട് ആക്രമിക്കാൻ തുടങ്ങിയതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ജനം. അതും പകൽസമയത്തുപോലും ആക്രമണം ഭയന്നുവേണം പുറത്തിറങ്ങാൻ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പന്നി ആക്രമണത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി പത്തോളം പേരാണ് ചികിത്സയിൽക്കഴിയുന്നത്. കല്ലറ പഞ്ചായത്തിൽ പാട്ടറയിൽ കൃഷിയിടത്തിൽ വച്ച് സാബുവിനെയും, പുളിമാത്ത് പഞ്ചായത്തിൽ പേരാപ്പിൽ തൊഴിലുറപ്പ് തൊഴിലാളിയെ ജോലി സ്ഥലത്തുവച്ചും പന്നി ആക്രമിച്ചതുമാണ് ഒടുവിലത്തെ സംഭവം. ഇവർ ചികിത്സയിലാണ്.
റോഡ് നിറയെ കാട്ടുപന്നികൾ
ശല്യക്കാരായ പന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് പ്രത്യേക അദികാരം ലഭിച്ചിട്ടുണ്ടെങ്കിലും അധികൃതർ പന്നികളെ കണ്ടമട്ടില്ല. പന്നികളെ കൊല്ലാനുള്ള ചുമതല വനംവകുപ്പ് വിട്ടൊഴിയുകയും അനുമതി ലഭിച്ച പഞ്ചായത്തുകൾ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെ പന്നിശല്യം വ്യാപകമായി. രാത്രികാലങ്ങളിൽ റോഡിന് നടുക്ക് പന്നികളെ കണ്ടാൽ വാഹനങ്ങൾ മാറ്റി നിറുത്തണം. ഇവ കടന്നുപോയതിന് ശേഷമേ യാത്രക്കാർ മുന്നോട്ടുപോകാറുള്ളു. കാട്ടുപന്നികളെ കൊല്ലേണ്ട രീതി, ജഡം എങ്ങനെ മറവുചേയ്യണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.
പന്നികളെ കൊന്നാൽ മറവുചെയ്യാനുള്ള നടപടികളിലെ അവ്യക്തത കാരണം ശരിയായ രീതിയിൽ പണം മാറി നൽകാൻ പഞ്ചായത്തുകൾക്കാകുന്നില്ല. ലൈസൻസുള്ള തോക്കുടമകളെ നിയോഗിച്ചാണ് പഞ്ചായത്തുകൾ വെടിവച്ചു കൊല്ലേണ്ടത്.
ശല്യം രൂക്ഷം
കല്ലറ, പാങ്ങോട്, പുളിമാത്ത്, നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, പഴയകുന്നുമ്മൽ പഞ്ചായത്തുകളിൽ
നൂലാമാലകൾ
1.പന്നിയുടെ സംസ്‌കരണം വസ്തു ഉടമസ്ഥന്റെ ചുമതലയിലാണ്. ഇത് പലപ്പോഴും ശാസ്ത്രീയമായി സംസകരിക്കപ്പെടാതെ വരികയും ഇറച്ചി കടത്തു സംഘങ്ങൾ സജീവമാകാനും കാരണമായി.
2.ഒരു പന്നിയെ വെടിവയ്ക്കുന്നതിനു യാത്രാപടിയും കൂടാതെ ആയിരം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു പന്നിയെ വെടിവയ്ക്കാൻ പലപ്പോഴും ഒന്നിലധികം ദിവസം പോകേണ്ടിവരും
3.വെടിവയ്ക്കുന്നതിനിടയിൽ പന്നി കുത്തി പരിക്കേൽപ്പിക്കുന്നതും പതിവാണ്. കൂടാതെ വെടിയുണ്ട ഒന്നിന് നൂറ്റമ്പത് രൂപാ ചെലവുവരും. തോക്കിന്റെ സർവീസ് ചാർജു കൂടിയാകുമ്പോൾ മാന്യമായ വേതനം ലഭിക്കാത്ത അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |