കോഴിക്കോട്: നെൽക്കൃഷി നഷ്ടമാണെന്ന് പരാതിപ്പെടുന്ന കർഷകർക്ക് മാതൃക കാട്ടാൻ മേപ്പയൂർ കൃഷിഭവൻ ഉദ്യോഗസ്ഥർ കൃഷി ചെയ്യാനിറങ്ങി. ഓഫീസ് ജോലിക്ക് പുറമെയാണിത്. ക്യാൻസറിനെ പ്രതിരോധിക്കുന്നതും പ്രമേഹത്തിനും കൊളസ്ട്രോളിനും മുട്ടുവേദനയ്ക്കും ഉത്തമവുമായ 'രക്തശാലി' വിത്താണ് പുഞ്ചക്കൃഷിക്കായി വിതച്ചത്.
കൃഷി ഓഫീസർ ആർ.എ. അപർണ,അസി. കൃഷി ഓഫീസർ എൻ.കെ ഹരികുമാർ,കൃഷി അസിസ്റ്റന്റ് എസ്.സുഷേണൻ എന്നിവരാണ് അത്തിക്കോട്ട് വയലിലെ ഒരു ഹെക്ടർ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. 90 ദിവസമാണ് മൂപ്പ്. ഏപ്രിലിലെ വിളവെടുപ്പിൽ ഒന്നര ടണ്ണോളം കിട്ടുമെന്നാണ് പ്രതീക്ഷ. അരി കിലോയ്ക്ക് 300 രൂപയിലധികം വിലയുണ്ട്.
2022ൽ കർഷകർ കൃഷിയിറക്കിയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. ഇവിടെയാണ് കൃഷി ഉദ്യോഗസ്ഥരുടെ പരീക്ഷണം. കഴിഞ്ഞ വർഷത്തെ പഞ്ചായത്ത് അവാർഡ് ലഭിച്ച കർഷകന്റെയും കർഷകത്തൊഴിലാളിയുടെയും സഹായത്തോടെയാണ് നിലമൊരുക്കിയത്. ഒരു ലക്ഷത്തോളം ചെലവാകും. വിളവ് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വിൽക്കുകയാണെങ്കിൽ ചെലവിന്റെ മൂന്നിരട്ടി ലാഭമുണ്ടാകും. പണ്ട് കേരളത്തിലെ രാജവംശങ്ങൾക്കായി വയനാട്ടിലെ ആദിവാസികൾ കൃഷി ചെയ്തിരുന്നതാണ് രക്തശാലി.
പോഷകങ്ങൾ (നൂറ് ഗ്രാമിൽ)
ഊർജ്ജം...........................................................363.49 കലോറി
പ്രോട്ടീൻ............................................................8.96 ഗ്രാം
കാർബോഹൈഡ്രേറ്റ്...............................71.18ഗ്രാം
കൊഴുപ്പ്..........................................................4.77 ഗ്രാം
സിങ്ക്...................................................................15.75 മില്ലിഗ്രാം
ഇരുമ്പ്...............................................................0.99 മില്ലി
ശാസ്ത്രീയ നെൽകൃഷി പ്രോത്സാഹിപ്പിക്കുകയും രക്തശാലിയുടെ വിളവ് വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
-ആർ.എ അപർണ
കൃഷി ഓഫീസർ
കൃഷി ഉദ്യോഗസ്ഥരുടെ ശ്രമം അനുകരണീയവും കർഷകർക്ക് പ്രചോദനവുമാണ്.
-കെ.ടി രാജൻ
പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |