കൊല്ലം: എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് സന്ദേശം അയച്ച് പണം തട്ടാൻ ശ്രമം. ഇംഗ്ലീഷിൽ ആദ്യമയച്ച കുശലാന്വേഷണ സന്ദേശത്തോട് പ്രതികരിച്ചവരോടെല്ലാം അത്യാവശ്യമാണെന്ന് പറഞ്ഞ് 30000 രൂപ ആവശ്യപ്പെട്ടു. മേഘാലയ, ഭൂട്ടാൻ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പരും പലർക്കും അയച്ചുകൊടുത്തു. ഡോ. ജി.ജയദേവൻ ഇങ്ങനെ സന്ദേശം അയയ്ക്കില്ലെന്ന് ഉറപ്പായിരുന്നതിനാൽ ആർക്കും പണം നഷ്ടമായില്ല.
മൊബൈൽ ഫോണിൽ എസ്.എം.എസായി ഗൂഗിൾ മീറ്റിനുള്ള ലിങ്ക് അയച്ചുകൊടുത്ത ശേഷം ഒ.ടി.പി നമ്പർ തന്ത്രപൂർവം കൈക്കലാക്കിയാണ് തട്ടിപ്പ് സംഘം വാട്സ്ആപ്പ് ഹാക്ക് ചെയ്തത്. ഇന്നലെ രാത്രി ഏഴോടെ സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധി എന്ന് പരിചയപ്പെടുത്തി ഡോ. ജി. ജയദേവന് ഫോൺ വിളിയെത്തി. ഇംഗ്ലീഷിലായിരുന്നു സംഭാഷണം. അസോസിയേഷന്റെ യോഗം ഉടൻ ഓൺലൈനായി ചേരുമെന്നും അതിനുള്ള ലിങ്ക് എസ്.എം.എസായി അയയ്ക്കുമെന്നും പറഞ്ഞു. എസ്.എം.എസായി വരുന്ന ലിങ്കുകൾ ഉപയോഗിച്ച് പരിചയമില്ലെന്നും വാട്സ്ആപ്പിൽ അയയ്ക്കാനും ജി. ജയദേവൻ പറഞ്ഞു. എന്നാൽ എസ്.എം.എം.എസായി ലഭിക്കുന്ന ലിങ്കിൽ കയറുമ്പോൾ ഒരു നമ്പർ ലഭിക്കുമെന്നും അത് പറഞ്ഞ് നൽകിയാൽ ഉടൻ ഗൂഗിൾ മീറ്റിലേക്ക് കയറാൻ കഴിയുമെന്നും തട്ടിപ്പുകാരൻ പറഞ്ഞു. ഇത് വിശ്വസിച്ച് ലിങ്കിൽ കയറിയതിന് പിന്നാലെ ഫോണിൽ അക്കങ്ങളടങ്ങിയ സന്ദേശമെത്തി. അതിന് പിന്നാലെ തട്ടിപ്പുകാരന്റെ വിളിയുമെത്തി. സന്ദേശമായെത്തിയത് ഒ.ടി.പിയാണെന്ന കാര്യം ശ്രദ്ധിക്കാതെ അക്കങ്ങൾ വിളിച്ചയാൾക്ക് പറഞ്ഞുകൊടുത്തു.
സംശയം തോന്നിയ ഡോക്ടർ പിന്നീട് ലിങ്കിൽ കയറാൻ ശ്രമിച്ചില്ല. തുടർന്ന് എസ്.എൻ ട്രസ്റ്റിന് കീഴിലുള്ള സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രിൻസിപ്പൽമാരെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ ഇത്തരമൊരു യോഗത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോ. ജി. ജയദേവന്റെ വാട്സ്ആപ്പ് സ്തംഭിച്ചു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വാട്സ്ആപ്പ് കോൺടാക്ട് പട്ടികയിൽ ഉള്ളവർക്കെല്ലാം സുഖവിവരം അന്വേഷിച്ചും അതിനോട് പ്രതികരിച്ചവരോട് പണം ആവശ്യപ്പെട്ടും സന്ദേശം ലഭിച്ചു. എസ്.എൻ.ഡി.പി യോഗം നേതാക്കൾക്കും രാഷ്ട്രീയനേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും വരെ ഇത്തരത്തിൽ സന്ദേശം പോയി. സന്ദേശം ലഭിച്ച വീടിനടുത്തുള്ള ശാഖ ഭാരവാഹികൾ രാത്രി വീട്ടിലെത്തി വിവരം അന്വേഷിച്ചതോടെയാണ് വാട്സ്ആപ്പ് ഹാക്ക് ചെയ്തെന്ന വിവരം അദ്ദേഹം അറിയുന്നത്. സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി വിളിച്ച നമ്പർ സഹിതം ഡോ. ജി. ജയദേവൻ സൈബർ സെല്ലിന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |