കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ധന പര്യവേക്ഷണത്തിന് തീരം കേന്ദ്രീകരിച്ചുള്ള സേവനങ്ങൾക്ക് ഓയിൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചു. പര്യവേക്ഷണ കിണർ നിർമ്മാണത്തിനും പര്യവേക്ഷണത്തിനും ആവശ്യമായ സാമഗ്രികൾ എത്തിക്കൽ, സുരക്ഷ ക്രമീകരണങ്ങൾ സജ്ജമാക്കൽ എന്നിവയ്ക്കാണ് ടെണ്ടർ ക്ഷണിച്ചത്.
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വേഗത്തിൽ മാറ്റാവുന്ന ലെഗ് ജാക്ക് അപ്പ് ഡ്രില്ലിംഗ് ഉപയോഗിച്ച് കൊല്ലം തീരത്ത് പര്യവേക്ഷണ കിണർ നിർമ്മിക്കാനുള്ള ടെണ്ടർ ഓയിൽ ഇന്ത്യ നേരത്തെ ക്ഷണിച്ചിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിൽ കാലുറപ്പിച്ചാണ് ജാക്ക് അപ്പ് ഡ്രിൽ നിൽക്കുന്നത്. ഒരു കിണർ നിർമ്മിച്ച് പര്യവേക്ഷണത്തിനാണ് കരാർ. ആദ്യ പര്യവേക്ഷണം പരാജയപ്പെട്ടാൽ ഡ്രില്ലിന്റെ കാലുകൾ ചലിപ്പിച്ച് മറ്റൊരിടത്ത് കൂടി കിണർ നിർമ്മിച്ച് പര്യവേക്ഷണത്തിന് സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ പര്യവേക്ഷണ സഹായത്തിനുള്ള ടെണ്ടറിലും രണ്ടാമതൊരു കിണർ നിർമ്മിച്ചാൽ സേവനം കാലാവധി നീട്ടുമെന്ന വ്യവസ്ഥയുണ്ട്.
തീരം കേന്ദ്രീകരിച്ചുള്ള സേവനങ്ങൾക്ക് നടപടി
ഡ്രില്ലിംഗ് ഉപകരണങ്ങൾ കൊല്ലം പോർട്ടിൽ ലഭ്യമാക്കൽ
സിമന്റും ഭീമൻ പൈപ്പുകളും എത്തിക്കൽ
കിണറ്റിൽ നിന്നുള്ള ചെളി കരയ്ക്കെത്തിക്കൽ
സഹായത്തിന് രണ്ട് കപ്പലുകൾ
പര്യവേക്ഷണ വിദഗ്ദ്ധരായ തൊഴിലാളികൾ
ആറ് മാസത്തിനകം സാദ്ധ്യത
പര്യവേക്ഷണ കിണർ നിർമ്മാണത്തിനുള്ള ടെണ്ടറുകളുടെ സാങ്കേതിക പരിശോധന പുരോഗമിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ കരാർ ഉറപ്പിച്ചേക്കും. പര്യവേക്ഷണ സഹായത്തിനുള്ള ടെണ്ടർ നടപടി നാല് മാസത്തിനകം പൂർത്തിയായാൽ ആറ് മാസത്തിനകം പര്യവേക്ഷണം ആരംഭിച്ചേക്കും.
പര്യവേക്ഷണം തീരത്ത് നിന്ന്-
48 മീറ്റർ അകലെ
കിണർ ആഴം - 6000 മീറ്റർ
കിണർ നിർമ്മാണവും പര്യവേക്ഷണവും ഏഴുമാസം നീളും. അദ്യ പര്യവേക്ഷണം പരാജയപ്പെട്ടാൽ വീണ്ടും കിണർ നിർമ്മിക്കും. ഇങ്ങനെ ഒരു വർഷത്തിലേറെ നീളാം.
ഓയിൽ ഇന്ത്യ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |