കൊല്ലം: വെർച്വൽ അറസ്റ്റിലാണെന്ന് കബിളിപ്പിച്ച് തങ്കശേരി സ്വദേശിയിൽ നിന്ന് 43 ലക്ഷം തട്ടിയെടുത്തതായി പരാതി.
കഴിഞ്ഞ ഡിസംബറിലാണ് തങ്കശേരി സ്വദേശിയെ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം ആദ്യം വിളിച്ചത്. അക്കൗണ്ടിലുള്ള വൻതുക കണക്കില്ലാത്തതാണെന്ന് സംശയമുണ്ടെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് പലതവണ ബന്ധപ്പെട്ടു. ഡിസംബറിൽ വാട്സ് ആപ്പിൽ വിളിച്ച് വെർച്വൽ അറസ്റ്റിലാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സംശയനിവാരണത്തിന് കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കബിളിപ്പിച്ചതാണെന്ന് മനസിലായത്.
ആശ്രാമം സ്വദേശി രക്ഷപ്പെട്ടു
ഓൺലൈൻ തട്ടിപ്പിനുള്ള ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് ആശ്രാമം സ്വദേശിയായ യുവാവ്. ഓൺലൈനായി കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞ് ഹിന്ദി ഭാഷയിൽ യുവാവിനെ ഫോണിൽ വിളിക്കുകയായിരുന്നു. യുവാവിന്റെ ആധാറിലുള്ള ഫോൺ നമ്പർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ വലിയളവിൽ നടന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈനായി ഡൽഹിയിലെ കോടതിയിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടു. ഹിന്ദി വശമുള്ള യുവാവ് സമൻസ് നേരിട്ട് എത്തിക്കാറില്ലേയെന്ന് ചോദിച്ചതോടെ തട്ടിപ്പുകാരൻ ഫോൺ കട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |