കൊല്ലം: ആശ്രാമം- താലൂക്ക് കച്ചേരി റോഡ് നവീകരണം പുരോഗമിക്കുന്നു. റോഡ് തകരാനും ഇരുത്താനും സാദ്ധ്യതയുള്ള പ്രദേശമായതിനാൽ ജിയോ സെൽ, ജിയോ ടെക്സ്റ്റയിൽ പോലുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. താലൂക്ക് കച്ചേരി ജംഗ്ഷൻ മുതൽ ഹോക്കി സ്റ്റേഡിയത്തിലേക്ക് തിരിയുന്ന ഭാഗം വരെയുള്ള 970 മീറ്ററിൽ ആശ്രാമം- താലൂക്ക് കച്ചേരി റോഡിന്റെ അഷ്ടമുടി കായലോരത്തുള്ള 600 മീറ്റർ ഭാഗത്താണ് മണ്ണിരുത്തൽ തടയുന്നതിന് ജിയോ സെല്ലുകൾ പാകുന്നത്.
ഈ ഭാഗത്ത് നിലവിലുള്ള ചതുപ്പ് മണ്ണ് ആഴത്തിൽ നീക്കിയശേഷം ജിയോ ടെക്സ്റ്റയിൽ നിരത്തും. ഇതിന് മുകളിൽ ജിയോ സെല്ലുകൾ പാകി തുടർന്ന് രണ്ട് അടുക്കായി ജി.എസ്.പി ഇട്ടശേഷമാണ് ടാർ ചെയ്യുന്നത്.
മൂന്ന് സ്ട്രെച്ചുകളായി ടാറിംഗ് മാത്രമാണ് ബാക്കിയുള്ളത്. താലൂക്ക് കച്ചേരി ജംഗ്ഷൻ മുതൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ വരെയുള്ള ഭാഗം ആദ്യം ടാർ ചെയ്യും. തുടർന്ന് മുനീശ്വരൻ കോവിൽ മുതൽ ഹോക്കി സ്റ്റേഡിയത്തിലേക്ക് തിരിയുന്ന ഭാഗം വരെ ടാർ ചെയ്യും. ഇതിന് ശേഷമാണ് അഷ്ടമുടി കായലിന്റെ ഓരത്തുള്ള ഭാഗത്തെ ടാറിംഗ്. മൂന്നിടത്തും നിലവിലുള്ള ടാറിംഗ് കുത്തിയിളക്കി നീക്കിയ ശേഷം ബി.എം ബി.സി നിലവാരത്തിലാണ് പുതിയ ടാറിംഗ്. നിലവിൽ റോഡിന്റെ ഇരുവശങ്ങളിലും ഓട, റോഡിന് കുറുകെയുള്ള കൽവെർട്ടുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. കൂടാതെ കെ.എസ്.ആർ.ടി.സി ഗ്യാരേജ് മുതൽ സ്റ്റാൻഡ് വരെയുള്ള ടാറിംഗും പൂർത്തിയായി.
മണ്ണിരുത്തൽ തടയും
ജിയോ ടെക്സ്റ്റയിൽ അടിയിലുള്ള ചെളി മുകളിലേക്ക് കയറാതെ തടയും
ജിയോ സെല്ലിലെ സുഷിരങ്ങൾ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കില്ല
വെള്ളത്തിന്റെ സാനിദ്ധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ റോഡ് ബലപ്പെടുത്താൻ അനുയോജ്യം
സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് ഊരാളുങ്കൽ സൊസൈറ്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ
നിർമ്മാണ ചെലവ്
₹10 കോടി
മാർച്ച് അവസാനത്തോടെ പണികൾ പൂർത്തിയാക്കി ലിങ്ക് റോഡ് തുറന്നുകൊടുക്കാനാകുമെന്നാണ് കരുതുന്നത്.
പി.ഡബ്ല്യു.ഡി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |