ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. തന്റെ എട്ടാമത് ബഡ്‌ജറ്റ് ആണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
'ബാഹി ഖാട്ടാ'എന്നറിയപ്പെടുന്ന തുണിയിൽ പൊതിഞ്ഞ ടാബ്‌ലറ്റുമായി രാവിലെ മന്ത്രാലയത്തിന് മുന്നിൽ ധനമന്ത്രിയും സംഘവും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. ഇതിന് പിന്നാലെ നിർമല രാഷ്‌ട്രപതി ഭവനിലെത്തി പ്രസിഡന്റ് ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. തുടർന്ന് പരമ്പരാഗതമായി പിന്തുടരുന്ന ചടങ്ങിന്റെ ഭാഗമായി രാഷ്‌ട്രപതി ധനമന്ത്രിക്ക് പഞ്ചസാരയും തൈരും ചേർത്ത വിഭവമായ 'ദഹി ചീനി' നൽകി. ബഡ്‌ജറ്റിന്റെ പ്രധാന ഭാഗങ്ങളും രാഷ്ട്രപതിയുമായി പങ്കുവച്ചു. തുടർന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്ക് ശേഷമാണ് ബഡ്‌ജറ്റ് അവതരണം. 11 മണിക്കാണ് 2025ലെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കുക.
ബഡ്‌ജറ്റിൽ സാധാരണക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ആദായ നികുതിയടക്കമുള്ള ഇളവുകൾക്ക് സാദ്ധ്യതയുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷ സൂചന നൽകിയിരുന്നു. എല്ലാ ദരിദ്ര, ഇടത്തരം സമൂഹങ്ങൾക്കും ലക്ഷ്മി ദേവീയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബഡ്‌ജറ്റിന് മുന്നോടിയായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാ ശാക്‌തീകരണവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കും. സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാനും മതപരവും വിഭാഗീയവുമായ വ്യത്യാസങ്ങളിൽ നിന്ന് മുക്തമാക്കാനുമുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു.
പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി നിരക്കുകളിൽ ഇളവ്, പുതിയ നികുതി സ്കീമിലുള്ളവർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തൽ, നികുതി സ്ളാബുകളുടെ പരിധി ഉയർത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. വയനാടിനുള്ള പ്രത്യേക പാക്കേജാണ് കേരളം കാത്തിരിക്കുന്നത്. എയിംസ്, കൂടുതൽ ട്രെയിനുകൾ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |