കോട്ടയം : കോതനല്ലൂർ തുവാനീസ പ്രാർത്ഥനാലയം അസി.ഡയറക്ടർ ഫാ.ടിനേഷ് കുര്യന്റെ 1.5 കോടി രൂപ തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. താമരശേരി പെരുമ്പള്ളി കുന്നത്ത് വീട്ടിൽ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി എസ്.എച്ച്.ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2024 നവംബർ മുതൽ ജനുവരി 15 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഓൺലൈൻ ട്രേഡിംഗിലൂടെ അധിക ലാഭം നൽകാമെന്നായിരുന്നു വാഗ്ദാനം. പ്രമുഖ കമ്പനിയുടെ പേരിലുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സംഘം വൈദികനെ കുടുക്കിയത്. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്ന് സ്വരൂപിച്ച പണമാണ് നിക്ഷേപിച്ചത്. തട്ടിപ്പ് മനസിലായതോടെ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. വിവിധ അക്കൗണ്ടുകളിലേയ്ക്ക് പണം വകമാറ്റിയതായും കണ്ടെത്തി. സംസ്ഥാനത്തെ വിവിധ എ.ടി.എമ്മുകളിൽ നിന്ന് എട്ടു തവണയായി 1.40 ലക്ഷം രൂപ പിൻവലിച്ചു. ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ താമരശേരി സ്വദേശികളുടെ വിലാസം കണ്ടെത്തുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എ അനീഷ് , സുമൻ പി.മണി, അജീഷ്, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |