അടൂർ: ഏഴംകുളം ഭാഗത്തു നിന്ന് ഒന്നേ മുക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തു. യുവാവിനെതിരെ എക്‌സൈസ് സംഘം കേസെടുത്തു. ഏഴംകുളം പുതുമല പാലമുക്ക് മുറിയിൽ സുബിൻ ഭവനത്തിൽ വിപിൻ രാജി(33)നെതിരെയാണ് കേസെടുത്തത്.
ജനുവരി 31ന് രാത്രി 9നാണ് കേസിനാസ്പദമായ സംഭവം. ഏഴംകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ വിപിൻരാജ് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് 10 ദിവസമായി എക്‌സൈസ് ഷാഡോ സംഘം പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തി. ഇതിനിടെ കഞ്ചാവുമായി വിപിൻ രാജ് എത്തിയെങ്കിലും എക്‌സൈസ് സംഘത്തെകണ്ട് ഇയാൾ ഇത് ഉപേക്ഷിച്ച് രക്ഷപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുത്തു. പത്തനംതിട്ട എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതി രക്ഷപെട്ടതോടെ കൂടുതൽ പരിശോധനകൾക്കായി ഇയാൾ താമസിക്കുന്ന സ്ഥലത്ത് എത്തിയ സംഘത്തിനുനേരെ താമസക്കാർ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതേ തുടർന്ന് അടൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം.ശ്യാംമിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ സഹായം തേടി.
വിപിൻ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്നും ടിയാനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയതായും പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷൻ വി.റോബർട്ട് അറിയിച്ചു. സ്ഥലത്ത് പട്രോളിങ്ങ് ശക്തിപ്പെടുത്തുമെന്ന് അസി.എക്‌സൈസ് കമ്മീഷണർ രാജീവ്.ബി നായരും അറിയിച്ചു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാത്യു ജോൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ് സെബാസ്റ്റ്യൻ, അഭിജിത് എം, രാഹുൽ ആർ, സജിത്കുമാർ എസ്, കൃഷ്ണകുമാർ, ഷമീന ഷാഹുൽ, ഡ്രൈവർ ശ്രീജിത്ത്.ജി എന്നിവരാണ് പരിശോധന നടത്തിയത്.
മദ്യ മയക്കുമരുന്ന് പുകയില സംബന്ധിച്ച പരാതികൾ താഴെപ്പറയുന്ന നമ്പരുകളിൽ അറിയിക്കാവുന്നതാണ്. ലഹരിവസ്തുക്കളുടെ കടത്തോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ 04682222873, 04682351000 എന്നീ നമ്പരുകളിലോ 155358 ടോൾ ഫ്രീ നമ്പരിലോ വിവരം അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |