കോഴിക്കോട്: ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തോടെ ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ റെക്കോർഡിട്ടു. 36 ഓളം ജീവന രക്ഷാ മരുന്നുകൾക്കുൾപ്പെടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കൽ, സംരംഭകർക്കും വഴിയോര കച്ചവടക്കാർക്കും രണ്ടു കോടി രൂപയോളം വായ്പ, ജില്ലാ ആശുപത്രികളിൽ സൗജന്യ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യവർഗത്തിന് ഗുണകരമാണ് കേന്ദ്ര ബജറ്റ് എന്ന് സർക്കാർ ഉയർത്തിക്കാണിക്കുമ്പോഴും നാട്ടിലെ സാധാരണക്കാർക്ക് എന്താണ് ബജറ്റിനെക്കുറിച്ച് പറയാനുള്ളതെന്ന് കൂടി പരിശോധിക്കാം.
വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ
" ആദായ നികുതിയുടെ പരിധി 12 ലക്ഷമാക്കി ഉയർത്തിയത് ചെറുകിട സംരംഭകരെ സംബന്ധിച്ചിടത്തോളം വളരെ മികച്ച പ്രഖ്യാപനമാണ്. വിലക്കയറ്റവും, മറ്റും ബുദ്ധിമുട്ടിക്കുമ്പോൾ പിടിച്ചു നിക്കാൻ ഇത് സഹായ്ക്കും. നികുതി അടയ്ക്കുന്നതിനുള്ള സമയം വർധിപ്പിച്ചതും സാധാരണക്കാർക്ക് ഗുണകരമാണ്.
- സന്ദീപ് ( റോയൽ ഗോൾഡ് ഉടമസ്ഥൻ, കോഴിക്കോട് )
"ജീവൻ രക്ഷാ മരുന്നുകൾക്ക് കസ്റ്റംഡ്യൂട്ടി ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് സ്വാഗതാർഹമാണ്. അതുപോലെ തന്നെയാണ് ആശുപത്രികളിൽ സൗജന്യ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുമെന്നതും.
- അജിത ( വീട്ടമ്മ, കൊയിലാണ്ടി )
" ഒറ്റനോട്ടത്തിൽ സഹായകമായി തോന്നുന്ന ബജറ്റാണ്. എങ്കിലും ഇതൊക്കെ എങ്ങനെ പ്രാവർത്തികമാകുന്നു എന്നതും പ്രധാനമാണ്. ഏറെ വിഷമിപ്പിച്ച കാര്യം മഹാദുരന്തത്തെ നേരിട്ട വയനാടിനായി പ്രത്യേക പാക്കേജ് ഒന്നും തന്നെ ഇല്ലെന്നതാണ്. വയനാടിനോട് കണ്ണടയ്ക്കുന്ന സമീപനം ഒട്ടും ശരിയല്ല.
- ക്ലിൻ്റ് ( വസ്ത്ര വ്യാപാരി , എസ്.എം സ്ട്രീറ്റ് )
" സ്ത്രീകൾക്കുൾപ്പെടെ സംരംഭത്തിനായി കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകും എന്നത് സഹായകരമായ കാര്യമാണ്. ഇത് സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.
- ഗോപിക ( കോളേജ് വിദ്യാർത്ഥി,വടകര )
"എ.ഐ വിദ്യാഭ്യാസ രംഗത്തിന് പുതിയ കേന്ദ്രം എന്നത് ഞങ്ങൾ വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ ഗുണമുള്ളതാണ്. ഇത് എങ്ങനെ നടപ്പാകുന്നു എന്നതിൽ കൂടിയാണ് പദ്ധതിയുടെ വിജയമിരിക്കുന്നത്. നല്ല രീതിയിൽ നടപ്പിൽ വന്നാൽ ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴി സാധിക്കും.
- കൃതിക, (എഞ്ചിനിയറിംഗ് വിദ്യാർത്ഥി , കോഴിക്കോട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |