കൊച്ചി: ഭക്ഷ്യോത്പന്ന സംരംഭത്തിന് 50 കോടി രൂപയുടെ ലോൺ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് സംരംഭകയിൽ നിന്ന് 30 ലക്ഷത്തിലേറെ രൂപ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിലായി. ആലുവ പോഞ്ഞാശേരി കരയിൽകൂടത്ത് വീട്ടിൽ കെ.കെ. അനീഷ് (33), ആലുവ വെളിയത്തുനാട് കരുമാല്ലൂർ കിടങ്ങാപ്പിള്ളി വീട്ടിൽ റിയാസ് (48) എന്നിവരാണ് പിടിയിലായത്. കെ.എം. ഫുഡ് പ്രൊഡക്ട്സ് ഉടമ തിരുവനന്തപുരം പുഴിമാത്ത് സ്വദേശി സന്ധ്യയാണ് തട്ടിപ്പിന് ഇരയായത്.
സംരംഭത്തിന് ലോൺ ശരിയാക്കാൻ സെയിൽസ് ഡീഡ് രജിസ്റ്റർ ചെയ്യുന്നതിന് ട്രഷറിയിൽ അടയ്‌ക്കുന്നതിനാണെന്ന് ധരിപ്പിച്ച് 30,19,000 രൂപ വാങ്ങിയെടുക്കുകയായിരുന്നു. കൈമാറിയ പണമോ ലോണോ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായതായി യുവതി തിരിച്ചറിയുന്നത്. ഈമാസം അഞ്ചിന് പൊലീസിൽ പരാതി നൽകി.
എറണാകുളം അസി. പൊലീസ് കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പ്രതികൾ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും സംഘത്തിൽ അഭിഭാഷകർ വരെയുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐ അനൂപ് ചാക്കോ, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, ഷിഹാബ്, ഹരീഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |