തിരുവനന്തപുരം: കേരളജനതയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ബാലരാമപുരത്തെ രണ്ടുവയസുകാരിയായ ദേവേന്ദുവിന്റെ കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് സ്വന്തം അമ്മാവനാണെന്ന് അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. അമ്മയായ ശ്രീതുവിനെക്കുറിച്ചുളള ചില സംശയങ്ങളും ഇതിനോടകം തന്നെ നാട്ടുകാരും ബന്ധുക്കളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കൊലപാതകം നടത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചെങ്കിലും എന്തിനാണ് ചെയ്തതെന്ന കാര്യത്തെക്കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനായുളള അന്വേഷണത്തിലാണ് പൊലീസ്. ഇതിനിടയിൽ ശ്രീതുവിന്റെ മൊഴിയിൽ ശംഖുമുഖം സ്വദേശിയും ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദേവീദാസനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും അന്വേഷണസംഘത്തിന് പ്രത്യേകിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
സ്വന്തം മകളെ കാണാതായപ്പോഴോ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയപ്പോഴോ ശ്രീതുവിന് യാതൊരു തരത്തിലുളള മാറ്റവും ഉണ്ടായിരുന്നില്ല. എന്നാൽ ദേവേന്ദുവിന്റെ മരണം തളർത്തിയിരിക്കുന്നത് സഹോദരിയായ പൂർണേന്ദുവിനെയാണ്. ദേവേന്ദുവിന്റെ ചേച്ചിയാണ് പൂർണേന്ദു. കുഞ്ഞനുജത്തി മരിച്ചതിനുശേഷം പൂർണേന്ദു (ഏഴ്) ഉറങ്ങിയിട്ടില്ല. കുട്ടിയുടെ മനസുനിറയെ അനുജത്തിയാണ്. എത്ര പറഞ്ഞാലും ഉറങ്ങാൻ കൂട്ടാക്കാറില്ല.
പകൽസമയത്ത് അയൽവീട്ടിലുളള കുട്ടികളെത്തിയാൽ കുറച്ചുനേരം ചിരിച്ച് പെരുമാറും. അവർ പോയികഴിഞ്ഞാൽ പൂർണേന്ദുവിന്റെ മുഖം സങ്കടം കൊണ്ട് നിറയും. ഇന്ന് അച്ഛനായ ശ്രീജിത്തെത്തിയാൽ വീട്ടിലേക്കുപോകാനായി കാത്തിരിക്കുകയാണ് പൂർണേന്ദു. നിലവിൽ കുടുംബവീടിന് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ അമ്മൂമ്മ ശ്രീകലയുടെയും ബന്ധുക്കളുടെയും സംരക്ഷണയിലാണ് കുട്ടി.
ഹരികുമാറിനെക്കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ, ഹരികുമാറിന് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തോന്നുന്നില്ല. ആൾക്കാരുമായി സംസാരം കുറവായിരുന്നു. പഠനവൈകല്യമുള്ളതായി വീട്ടുകാർ പറഞ്ഞറിയാം. ഹരികുമാറിന്റെ അമ്മയുടെ സങ്കടം കേട്ട് അയൽവീട്ടിലൊരാൾ ഹരികുമാറിനെ അക്ഷരം പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മാനസികപ്രശ്നങ്ങളുടെ പേരിൽ പലതും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഹരികുമാറും ശ്രീതുവും നടത്തിയത്. ഇവരുടെ അച്ഛൻ ഉദയകുമാർ രണ്ടാഴ്ച മുൻപാണ് മരിച്ചത്. ഈ മരണത്തിലും ദുരൂഹതയുണ്ട്.
ഉദയകുമാറിന് അർബുദമാണെന്നു പറഞ്ഞ് ശ്രീതു പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. എന്നാൽ, ഉദയകുമാറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ല. ഉദയകുമാർ മരിക്കുന്നതിന് തലേദിവസവും അദ്ദേഹത്തെ കണ്ടിരുന്നു. അസുഖ ബാധിതനായി മരിച്ചതായി തോന്നിയിട്ടില്ല. അതിനാൽ മരിച്ചുവെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ പറ്റിയില്ലയെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |