വാഷിംഗ്‌ടൺ: കടുത്ത വ്യാപാര യുദ്ധത്തിന് വഴിതുറന്ന്, തങ്ങളുടെ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി കാനഡ. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു.
നടപടിയുടെ ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുമെന്നും വരും ആഴ്ചകളിൽ മറ്റു ഉൽപന്നങ്ങൾക്കും ഇത് ബാധകമാക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. പ്രശ്നം വഷളാകാതിരിക്കാൻ ശ്രമിക്കുമെങ്കിലും രാജ്യത്തിനും ജനതയ്ക്കും അവരുടെ തൊഴിലുകൾക്കും വേണ്ടി സർക്കാർ നിലകൊള്ളുമെന്നും ട്രൂഡോ പറഞ്ഞു.
അമേരിക്കയ്ക്ക് സമാനമായ തിരിച്ചടി നൽകുമെന്ന് ചൈനയും പ്രതികരിച്ചിട്ടുണ്ട്. അധിക തീരുവ ചുമത്തുന്നത് ലഹരിമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട ഭാവിയിലെ ഉഭയകക്ഷി സഹകരണത്തെ മോശമായി ബാധിക്കുകയേ ഉള്ളൂ. പരസ്പര വിശ്വാസത്തിലും ഇരുപക്ഷങ്ങൾക്കുമുള്ള നേട്ടത്തിലും ഊന്നിയുള്ള തുറന്ന ചർച്ചകൾക്കും സഹകരണത്തിനും അമേരിക്ക തയാറാകണമെന്നും ചൈന ആവശ്യപ്പെട്ടു.
അമേരിക്കയുടെ തീരുമാനത്തെ നേരിടാനുള്ള 'പ്ലാൻ ബി' തയാറാക്കി വരുകയാണെന്നായിരുന്നു മെക്സിക്കോ പ്രസിഡന്റിന്റെ പ്രതികരണം. യുഎസ് ഉൽപന്നങ്ങൾക്ക് ഇരുപത്തഞ്ചുശതമാനം തീരുവ തന്നെ ചുമത്താനാണ് മെക്സിക്കോ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസമാണ് കാനഡ,മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുളള ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തിയത്. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ളവയ്ക്ക് 10 ശതമാനം തീരുവയുമാണ് ചുമത്തിയത്. ഇത് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഈ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |