SignIn
Kerala Kaumudi Online
Sunday, 20 September 2026 1.16 AM IST

'സംസ്ഥാനത്തിന്  ആവശ്യമായത്  നേടിയെടുക്കാനുള്ള  ആർജ്ജവം  ജോർജ്  കുര്യനോ,  സുരേഷ്  ഗോപിക്കോ  ഇല്ല'

vd-satheesan

തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ജോർജ് കുര്യന്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് സതീശൻ പ്രതികരിച്ചു. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബഡ്ജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്നും അദ്ദേഹം ചോദിച്ചു.

'കേരളത്തിന്റെ നേട്ടങ്ങളിൽ ബിജെപിക്കും സംഘപരിവാറിനും എന്ത് പങ്കാണുള്ളത്. സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ, സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളായി കേന്ദ്രമന്ത്രിമാർ അധഃപതിക്കരുത്. രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബഡ്ജറ്റിന്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്.

കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘപരിവാറിന്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘപരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യന്റെ വാക്കുകളിൽ കാണുന്നത്. ബിജെപി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത്' - സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA