പെരുമ്പളം: സർവീസ് കഴിഞ്ഞുവന്ന ബോട്ടിൽ ഉറങ്ങിയ ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ച് മദ്യപസംഘം. ഡ്രൈവർ നിജിൽകുമാറിന്റെ (28) തലയ്ക്കാണ് അടിയേറ്റത്. രക്തം വാർന്ന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച സൗത്ത് കനാൽ ജെട്ടിയിൽ എസ്- 39 എന്ന ബോട്ടിന്റെ സർവീസ് കഴിഞ്ഞ ശേഷം ജീവനക്കാർ ബോട്ടിൽ ഉറങ്ങുമ്പോൾ രാത്രി 2.30 ഓടെ ബോട്ടിന് മുകളിൽ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്ന 4 പേരെ കണ്ടു.
ഇവരെ അനുനയിപ്പിച്ച് മുകളിൽ നിന്നിറക്കിയോടെ ഇവർ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലെ ഒരാൾ താഴെ കിടന്ന ഇരുമ്പുവടി കൊണ്ട് ഡ്രൈവർ നിജിൽകുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തലയ്ക്ക് അടിച്ച ആൾ ഒളിവിലാണ്.
ഞായറാഴ്ച പെരുമ്പളത്തെ കല്യാണവീട്ടിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ നാൽവർ സംഘമാണ് ജീവനക്കാരെ ആക്രമിച്ചതെന്ന് പറയുന്നു.
ബോട്ട് മാസ്റ്റർ ബ്രിജേഷ്, സുധിമോൻ, തലയ്ക്ക് പരിക്കേറ്റ ഡ്രൈവർ നിജിൽകുമാർ, ലസ്ക്കർമാരായ ജോബി, മുകുന്ദാക്ഷൻ എന്നിവരാണ് ബോട്ടിലെ ജീവനക്കാർ. മൂന്നാഴ്ച മുൻപ് വാത്തിക്കാട് ജെട്ടിയിൽ ജീവനക്കാർ ബോട്ടിലെ വെള്ളം വറ്റിച്ചു കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിൽ മദ്യപസംഘം ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പെരുമ്പളത്തിന് പുറത്തുള്ള ജീവനക്കാർ രാത്രിയിൽ ബോട്ടിൽ തന്നെയാണ് തങ്ങുന്നത്.
പെരുമ്പളത്തെ പല ജെട്ടികളിലും ആവശ്യത്തിന് വെളിച്ചമില്ല. രാത്രിയിൽ ബോട്ടിൽ തങ്ങുന്ന ജീവനക്കാർക്ക് മദ്യപരുടെയും കഞ്ചാവ് ലോബിയുടെയും ശല്യമുണ്ട്. ഇവർക്ക് മതിയായ സുരക്ഷ അധികൃതർ ഒരുക്കണം
കെ.ആർ. സോമനാഥൻ
പ്രസിഡന്റ്
ബോട്ട് പാസഞ്ചേഴ്സ്
അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |