തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിനായി കുട്ടികൾക്ക് എൻട്രൻസ് നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കച്ചവട താത്പര്യത്തോടെ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ബാലപീഡനമാണ് നടക്കുന്നതെന്നും അത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ജൂൺ ഒന്നാം തീയതിയാണ് സ്‌കൂൾ തുറക്കുന്നത്. അഡ്മിഷനെക്കുറിച്ചും സ്‌കൂൾ തുറക്കലിനെക്കുറിച്ചും, കേരള എഡ്യൂക്കേഷൻ റൂളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ജൂൺ ഒന്നിന് മുമ്പാണ് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നത്. അറിഞ്ഞത് ശരിയാണെങ്കിൽ ചില സ്‌കൂളുകളിൽ ഒന്നാം ക്ലാസ് അഡ്മിഷൻ ആരംഭിച്ചുകഴിഞ്ഞു. കുട്ടിക്ക് എൻട്രൻസ് പരീക്ഷയും രക്ഷകർത്താവിന് ഇന്റർവ്യുവും ഉണ്ട്, ഇതൊന്നും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഒന്നാം ക്ലാസ്സുകളിൽ ചേരാൻ അപേക്ഷ കൊടുത്താൽ, നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്, ബാലാവകാശ നിയമങ്ങൾക്കെതിരാണ്. പല സ്കൂളുകളിലും പി.ടി.എ ഫീസ് വളരെ കൂടുതലാണ്. നൂറോ അമ്പതോ രൂപ വാങ്ങുന്നത് മനസ്സിലാക്കാം. ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങളുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം സ്കൂളുകൾക്കെതിരെ കർശന നടപടിയെടുക്കും. അത്തരം പി.ടി.എകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല.
കെട്ടിടം വാടകയ്ക്കെടുക്കുക, ബോർഡ് എഴുതിവയ്ക്കുക, പാവപ്പെട്ട ടീച്ചർമാരെ ശമ്പളം കൊടുക്കാതെ നിയമിക്കുക, അവരുടെ യോഗ്യത പോലും നോക്കുകയില്ല. അവർ തന്നെ സിലബസ് തീരുമാനിക്കും, പരീക്ഷ നടത്തും, അവർ തന്നെ റിസൾട്ട് പ്രഖ്യാപിക്കും. ഇതും കേരളത്തിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |