തിരുവനന്തപുരം: ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്ന ആമസോൺ മഴക്കാടുകൾ കത്തിയമരുമ്പോൾ ലോകം നിസഹായതോടെ നോക്കിനിൽക്കുകയാണ് എന്നാൽ ആമസോൺ കാടുകൾ കത്തുന്നത് ബ്രസീലിന്റെ ആഭ്യന്തര വിഷയമാണെന്ന നിലപാട് സ്വീകരിച്ച് പ്രശ്നത്തെ നിസാരവത്കരിച്ച ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊയുടെ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇന്ത്യയിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം നടത്തിയപ്പോൾ ചില ഒറ്റബുദ്ധികൾ അതിനെ പരിഹസിച്ച് രംഗത്ത് വന്നത് തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം അപഹാസ്യരാകുന്ന നടപടിയാണ് ഇത്തരക്കാരുടേതെന്നും ഇവരെ ഒറ്റപ്പെടുത്തി സാമൂഹ്യ വിഷയങ്ങളിൽനാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകള്‍ കത്തിയമരുന്ന വാർത്തയാണ് കുറച്ചു ദിവസമായി കേള്‍ക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകളോളം വിസ്തൃതിയിൽ വനഭൂമി കത്തിനശിച്ചു. ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് ഈ ദുരന്തത്തെ കാണുന്നത്. പത്തുലക്ഷത്തോളം ഗോത്രജനവിഭാഗം അധിവസിക്കുന്ന ആമസോൺ മേഖല മൂന്ന് ലക്ഷത്തിലധികം ഇനം സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണ്.
വിവിധ ലോകരാജ്യങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് ആമസോണിനെ രക്ഷിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. അതേസമയം ഇത് ബ്രസീലിന്റെ ആഭ്യന്തര വിഷയം മാത്രമാണെന്ന നിലപാട് സ്വീകരിച്ച് വിഷയത്തെ നിസാരവത്ക്കരിച്ച ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊയുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്. ബൊളീവിയ പോലുള്ള രാജ്യങ്ങൾഎയർ ടാങ്കറുകളിൽ ജലംവർഷിച്ചു തീകെടുത്താൻ ശ്രമിക്കുമ്പോൾ ബ്രസീൽ സർക്കാർ ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നു. ബോൽസനാരോയുടെ നയങ്ങളാണ് ദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ലോകമെങ്ങും പ്രതിഷേധം വ്യാപകമായതോടെയാണ് ബ്രസീൽഎന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചത്.
ഇന്ത്യയിലും ബ്രസീലിനെതിരെ സമാനമായ പ്രതിഷേധങ്ങൾ ഉയർന്നു. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം നടത്തിയപ്പോൾ ചില ഒറ്റബുദ്ധികൾ അതിനെ പരിഹസിച്ച് രംഗത്ത് വന്നത് തികച്ചും അപലപനീയമാണ്. സ്വയം അപഹാസ്യരാകുന്ന നടപടിയാണ് ഇത്തരക്കാർ കൈക്കൊള്ളുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തി സാമൂഹ്യ വിഷയങ്ങളിൽ നാം ഒറ്റക്കെട്ടായി നില്‍ക്കണം. ലോകത്തിന്റെ നിലനില്പിനായി 20% ഓക്‌സിജൻ സംഭാവന നല്‍കുന്ന ആമസോണിന് വേണ്ടി ലോകം ഉണരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |