കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനു കാരണം ഒടുവിൽ സി.പി.എമ്മിന് ബോദ്ധ്യമായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിൽ നടത്തിയ പ്രസംഗമാണ് കാരണം. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഇക്കാര്യം ഇന്നലെ തുറന്നു സമ്മതിച്ചു. ഒളിഞ്ഞും തെളിഞ്ഞും ഇത്രയും നാൾ ദിവ്യയെ ന്യായീകരിക്കാനാണ് എം.വി.ജയരാജനടക്കമുള്ള സി.പി.എം ജില്ലാനേതൃത്വം ശ്രമിച്ചിരുന്നത്. സംസ്ഥാന നേതൃത്വം വ്യക്തമായ നിലപാട് വെളിപ്പെടുത്തിയതുമില്ല.
പാർട്ടി ജില്ലാസമ്മേളനത്തിൽ പ്രതിനിധികൾ കടുത്ത വിമർശനം ദിവ്യയ്ക്കെതിരെയും ജില്ലാ നേതൃത്വത്തിനെതിരെയും ഉയർത്തിയതോടെയാണ് നിലപാട് മാറ്റിയത്. ജില്ലാസമ്മേളന നടപടികൾ വിശദീകരിക്കാൻ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലും ദിവ്യയെ കൈവിടാത്ത നിലപാടാണ് എം.വി. ജയരാജൻ സ്വീകരിച്ചിരുന്നത്.എന്നാൽ, ഇന്നലെ വാർത്താസമ്മേളനത്തിൽ ദിവ്യയെ പൂർണമായും തള്ളിപ്പറഞ്ഞു.
`എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമർശമാണ് എന്നത് സത്യമാണ്. അതിനാലാണ് ഞങ്ങൾ പറഞ്ഞത്, അത് തെറ്റാണെന്ന്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങൾക്കുള്ളത്. ദിവ്യയുടെ പേരിൽ എപ്പോഴാണോ ആക്ഷേപം ഉയർന്നുവന്നത്, അന്നുതന്നെയാണല്ലോ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്'-ജയരാജൻ വാർത്താ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി.
സമ്മേളനത്തിൽ വിമർശനം ഉയരുമെന്ന് അറിവുണ്ടായിരുന്നതിനാൽ, പ്രവർത്തന റിപ്പോർട്ടിൽ ദിവ്യയെ കുറ്റപ്പെടുത്തിയിരുന്നു.
ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശം എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് നിന്നത്. തുടക്കം മുതൽ പാർട്ടിയുടെ സ്റ്റാൻഡ് അതായിരുന്നു. അതുകൊണ്ടാണ് നവീൻ ബാബുവിന്റെ മൃതദേഹത്തോടൊപ്പം കാറിൽ പാർട്ടി നേതാക്കൾ പത്തനംതിട്ടയിലേക്ക് അനുഗമിച്ചതെന്നും എം.വി ജയരാജൻ റിപ്പോർട്ടിൽ പറഞ്ഞു.
എന്നാൽ, ദിവ്യയ്ക്ക് എതിരായ പാർട്ടി നടപടിയെ അവരുടെ നാടായ പാപ്പിനിശ്ശേരി ഏരിയയിലെയും മാടായി, തലശ്ശേരി ഏരിയയിലെയും പ്രതിനിധികൾ കുറ്റപ്പെടുത്തി.പാർട്ടി നടപടി മാദ്ധ്യമങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചാണെന്നാണ് അവരുടെ ആക്ഷേപം. പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാടിനെയും പാപ്പിനിശ്ശേരി ഏരിയയിലെ പ്രതിനിധികൾ കുറ്റപ്പെടുത്തി.എന്നാൽ,ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമെന്ന വിമർശനത്തിനായിരുന്നു മുൻതൂക്കം.
ദിവ്യയുടെ വിവാദ
പരാമർശം
കണ്ണൂരിൽ നടത്തിയതുപോലെ ആയിരിക്കരുത് ഇനി പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. നമ്മുടെ ചുറ്റും ആളുകളുണ്ട്. അവരെ കെയർ ചെയ്യണം.സർക്കാർ സർവീസാണ്. ഒരു നിമിഷംമതി സിവിൽ ഡെത്ത് സംഭവിക്കാൻ. ആ നിമിഷത്തെ ഓർത്തുകൊണ്ട് നമ്മളെല്ലാം കൈയിൽ പേന പിടിക്കണം. രണ്ടുദിവസം കാത്തിരിക്കണം. ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ ഞാൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനുള്ള കാരണങ്ങൾ രണ്ടുദിവസം കൊണ്ട് നിങ്ങൾ അറിയും.
എം.വി.ജയരാജൻ
രണ്ടുദിവസം മുമ്പ്
പറഞ്ഞത്
ദിവ്യയ്ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടാകാം. അതിന്റെ പേരിൽ ഇത്രയേറെ ആക്രമിക്കേണ്ടിയിരുന്നില്ല. കൈക്കൂലി കൊടുത്തു എന്ന കാര്യത്തിൽ പ്രശാന്തൻ ഉറച്ചുനിൽക്കുന്നു. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആർക്കാണ് കൊടുത്തതെന്നു കണ്ടെത്തണം.
ഇന്നലെ തിരുത്തിപ്പറഞ്ഞത്
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിച്ചതിലെ വാക്കുകൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു. പി.പി. ദിവ്യക്കെതിരായ ആരോപണത്തെ തുടർന്ന് കേസെടുത്തിട്ടുണ്ട്. അതിനാൽ പാർട്ടി നടപടി എടുത്തു എന്നാണ് പറഞ്ഞത്".
- എം.വി. ജയരാജൻ, സി.പി.എം.
കണ്ണൂർ ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |