ചെറുപ്പം മുതൽക്കേ ഒരുപാട് ബോഡിഷെയ്മിംഗ് നേരിട്ട വ്യക്തിയാണെന്ന് തുറന്നുപറഞ്ഞ് ഗായികയും നടിയുമായ സയനോര ഫിലിപ്പ്. പൊതുകാര്യങ്ങളിൽ പ്രതികരിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. സൈബർ ആക്രമണങ്ങൾ നേരിട്ടതോടെ സമാധാനം പോയെന്നും സയനോര കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സയനോര ജീവിതത്തിലുണ്ടായ ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞത്.
'ഒരുപാട് സൈബർ ആക്രമണങ്ങൾ എനിക്കുനേരെ ഉണ്ടായിട്ടുണ്ട്. ഞാൻ കൂടുതലും ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നത്. കണ്ണൂരാണ് സ്വന്തം വീടുളളത്.ഇപ്പോൾ താമസിക്കുന്നത് കൊച്ചിയിലാണ്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. ആ സയമത്ത് ഊബർ അങ്ങനെ എല്ലാ സ്ഥലത്തും എത്തിയിട്ടില്ല. ഞാൻ ബുക്ക് ചെയ്ത ഊബർ വന്നപ്പോൾ സ്റ്റേഷന് അടുത്തുളള കുറച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ അയാളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അങ്ങനെ ഞാൻ ഒരു വീഡിയോ ചെയ്തു. നന്നായി ദേഷ്യം വന്നിരുന്നു. അതിന് ഒരുപാട് സൈബർ ആക്രമണങ്ങളും ഉണ്ടായി. ഞാൻ കാറിൽ ഇരിക്കുകയായിരുന്നു. എന്നോടും പുറത്തിറങ്ങാൻ ഡ്രൈവർമാർ ആവശ്യപ്പെട്ടു.
ഭാവനയോടൊപ്പം ചെയ്ത വീഡിയോയ്ക്ക് ഒരുപാട് സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത സൗമ്യ എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിലും ഞാൻ പ്രതികരിച്ചിരുന്നു. ഒരു വിഭാഗം ആളുകൾ സൗമ്യ എന്തിനാണ് ഒറ്റയ്ക്ക് യാത്ര ചെയ്തതെന്ന് കുറ്റപ്പെടുത്തി. അതിനും ഫേസ്ബുക്കിലൂടെ ഞാൻ ചുട്ടമറുപടി കൊടുത്തിരുന്നു. ഒരു സമയത്ത് ഞാൻ ഫേസ്ബുക്കിലൂടെ പ്രതികരിക്കുമായിരുന്നു. ഇപ്പോൾ അത് നിർത്തി. സാമാധാനമല്ലേ പ്രധാനം. എന്റെ വസ്ത്രധാരണത്തിലും ഒരുപാട് കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. അതിനോടൊപ്പം ഒരുപാട് ബോഡി ഷെയ്മിംഗും നേരിട്ടിട്ടുണ്ട്. എന്റെ വണ്ണം,നിറം എന്നിവയൊക്കെയാണ് ആളുകൾ പ്രധാനമായും നോക്കുന്നത്. എന്നിട്ട് സോഷ്യൽ മീഡിയയിലൂടെ ബോഡി ഷെയ്മിംഗ് നടത്തും'- സയനോര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |