സംസ്ഥാനത്ത് ഒന്നാം ക്ളാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ പാടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം കുറച്ചുകൂടി നേരത്തെ ആവാമായിരുന്നു. കാരണം, സർക്കാർ സ്‌കൂളുകൾ ഉൾപ്പെടെ പല സ്‌കൂളുകളിലും അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം ക്ളാസ് പ്രവേശനം ഇതിനകം നടക്കുകയോ അതിലേക്കു നീങ്ങുകയോ ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ മിക്കവാറും എല്ലാ സ്‌കൂളുകളിലും പ്രവേശനം നടന്നുകഴിഞ്ഞു. വലിയ പകിട്ടും പത്രാസുമൊന്നുമില്ലാത്ത സ്‌കൂളുകൾ മാത്രമാണ് പുതിയ കുട്ടികൾക്കുവേണ്ടി കാത്തിരിക്കുന്നത്. ഒന്നാം ക്ളാസുകാർക്ക് പ്രവേശന പരീക്ഷ അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോഴും ഈ നിർദ്ദേശം എത്രയോ നാളായി നിലവിലുണ്ടെന്ന യാഥാർത്ഥ്യം മന്ത്രി അറിയുന്നില്ലേ? എൻട്രൻസ് നടത്തുന്ന സ്‌കൂളുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ടായില്ല. പറഞ്ഞ പ്രകാരം നടപടി ഉണ്ടാവുകയും വേണം.
അദ്ധ്യയനവർഷം പകുതിയാകുമ്പോൾ മുതൽ അടുത്ത അദ്ധ്യയന വർഷത്തെ ഒന്നാം ക്ളാസുൾപ്പെടെയുള്ള ക്ളാസുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാപകമായ പരസ്യങ്ങൾ കാണാറുണ്ട്. ഈ ഘട്ടത്തിൽത്തന്നെ സർക്കാർ ഇടപെടലുകൾ വേണ്ടതാണ്. അനഭിലഷണീയ പ്രവണതകൾ തടയാനും കുട്ടികൾക്ക് തുല്യനീതി ഉറപ്പാക്കാനും എങ്കിലേ സാധിക്കൂ. പ്രവേശന പരീക്ഷയ്ക്കൊപ്പം സർക്കാർ സ്‌കൂളുകളിൽ പി.ടി.എയും സ്വകാര്യ സ്‌കൂളുകളിൽ മാനേജ്‌മെന്റുകളും ഫണ്ട് പിരിവിന്റെ പേരിൽ നടത്താറുള്ള അമിത ചൂഷണം അവസാനിപ്പിക്കാനും നടപടി വേണം. സർക്കാർ സ്‌കൂളുകളിൽ പ്രവേശന സമയത്ത് പിരിക്കുന്ന തുകയ്ക്ക് കുറച്ചൊക്കെ നിയന്ത്രണമുണ്ടെങ്കിലും സ്വാശ്രയ സ്‌കൂളുകളിൽ അതൊന്നുമില്ല. ചോദിക്കുന്ന തുക നൽകിയാലേ പ്രവേശനം ലഭിക്കുകയുള്ളൂ. മുന്തിയ സ്‌കൂളുകളാണെങ്കിൽ അത് അരലക്ഷവും ഒരുലക്ഷവും വരെ ഉയരാവുന്നതുമാണ്. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നതിനൊപ്പമാണ് സംസ്ഥാനത്ത് ഇന്ന് കെ.ജി ക്ലാസിലും മറ്റുമുള്ള ചെലവ്! ഒന്നാം ക്ളാസ് എൻട്രൻസ് പരീക്ഷ കൂടാതെ, രക്ഷാകർത്താക്കൾക്ക് ഇന്റർവ്യൂ നടത്തുന്ന സ്‌കൂളുകളുണ്ടെന്ന് മന്ത്രി പറയുകയുണ്ടായി.
ഒന്നാം ക്ളാസിൽ ഔപചാരികമായ പഠനമേ വേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ സർക്കാർ തന്നെയല്ലേ ഒന്നാം ക്ലാസ് പാഠപുസ്‌തകങ്ങൾ തയ്യാറാക്കി കുട്ടികൾക്കു നൽകുന്നത്? കാലഹരണപ്പെട്ട സമ്പ്രദായങ്ങളിൽ നിന്നു മാറി ആധുനിക വിജ്ഞാനവുമായി ഇണങ്ങിപ്പോകുന്ന വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥിസമൂഹത്തിന് കഴിയണമെങ്കിൽ പഴഞ്ചൻ ചിന്താഗതികൾ പലതും ഉപേക്ഷിക്കേണ്ടിവരും. സ്‌കൂൾ തലത്തിൽ കേന്ദ്രം കൊണ്ടുവരുന്ന നയങ്ങൾ അംഗീകരിക്കാത്തതു കാരണം കേരളത്തിന് വലിയ നഷ്ടം നേരിടുന്നുണ്ട്. കേന്ദ്ര ബഡ്‌ജറ്റിൽ സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവച്ച പദ്ധതി വിഹിതം ലഭിക്കുന്നതിനും കേരളത്തിന്റെ വിദ്യാഭ്യാസ നയം തടസമാകുന്നുണ്ട്. കോടികളാണ് ഇതുവഴി നഷ്ടമാകുന്നത്. കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളും കേരളം നേരത്തെ നടപ്പാക്കിയവയാണെന്നു പറയുന്നതിൽ കാര്യമില്ല. നടപ്പാക്കാത്ത മേഖലകളുമുണ്ട്. പരമാവധി ഫണ്ട് എങ്ങനെ തരപ്പെടുത്താനുള്ള വഴിയാണ് നോക്കേണ്ടത്.
പുതുതലമുറയെ എ.ഐ സാങ്കേതികവിദ്യയിൽ പ്രാപ്തരാക്കാനായി നൂതന മാതൃകാ ക്ളാസുകൾ തുടങ്ങാൻ കേന്ദ്ര ബഡ്‌ജറ്റിൽ 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നമ്മുടെ സർവകലാശാലകൾക്ക് ഈ രംഗത്ത് നന്നായി ശോഭിക്കാൻ കഴിയും. ഈ അവസരം പരമാവധി മുതലാക്കാൻ സർവകലാശാലകൾ മുന്നോട്ടുവരണം. എല്ലാ മേഖലകളിലും നിർമ്മിതബുദ്ധി നിർണായക സ്വാധീനം വർദ്ധിപ്പിച്ചുവരുന്ന പശ്ചാത്തലത്തിൽ നമുക്കും അതിൽ നിന്ന് പിന്നോട്ടുപോകാനാവില്ല. എ.ഐയ്ക്കായുള്ള മികവിന്റെ മൂന്ന് പുതിയ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താൻ നമ്മുടെ കുട്ടികളെയും പ്രാപ്തരാക്കണം. ഒപ്പം തന്നെ സാങ്കേതിക വിദ്യാഭ്യാസ മേഖല ഗണ്യമായ തോതിൽ നവീകരിക്കുകയും വേണം. സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കായി പ്രത്യേകം സർവകലാശാലയുണ്ടെങ്കിലും പരീക്ഷ പാസാവുന്ന കുട്ടികൾക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റ് പോലും നൽകാൻ കഴിയാത്ത വിധം അവിടെ പോരൊഴിഞ്ഞ സമയമില്ല. കുട്ടികളുടെ ഭാവിയാണ് ഇവരെല്ലാം ചേർന്ന് പന്താടുന്നത്. രാഷ്ട്രീയ ബലത്തിൽ മാത്രം സർവകലാശാലകളുടെ ഭരണതലത്തിൽ കയറിപ്പറ്റുന്നവർ യുവതലമുറയോടു ചെയ്യുന്ന മഹാദ്രോഹത്തിന് അറുതി വരുത്താനുള്ള നടപടികൾ കൂടി സർക്കാരിൽ നിന്ന് ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |