കോട്ടാങ്ങൽ : മഹാ ഭദ്രകാളി ക്ഷേത്രത്തിലെ കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ മത്സര ബുദ്ധിയോടെ നടന്നുവന്ന എട്ടു പടയണി സമാപിച്ചു. ഇന്ന് ഇരു കരക്കാരും പുലവൃത്തം തുള്ളി പിരിയും. ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ വലിയ പടയണി നടന്നു. പടയണിയുടെ പേരിനും പെരുമയ്ക്കും ഇണങ്ങും വിധം ചിട്ടയോടു കൂടി വേലയും വിളക്കും ചടങ്ങുകളും നടന്നു. രാത്രിയിൽ നടന്ന വലിയ പടയണി കരക്കാരെ വിശ്വാസത്തിന്റെ പാരമ്യതയിലേക്ക് നയിച്ചു. രാത്രി 12ന് 101 പാളഭൈരവി കോലം കളത്തിൽ എത്തി.
തുടർന്ന് അരക്കി യക്ഷി, സുന്ദര യക്ഷി, മറുത, കൂട്ട മറുത, പക്ഷി എന്നീ കോലങ്ങളും തുള്ളി ഒഴിഞ്ഞു. പുലർച്ചെ കാലൻ കോലം കളത്തിലെത്തി. മംഗള ഭൈരവിയോടെ വലിയ പടയണി സമാപിച്ചു. തുടർന്ന് പാരമ്പര്യ ആചാരത്തിന്റെ ഭാഗമായി കോട്ടാങ്ങൽ അമ്മ കല്ലൂപ്പാറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ക്ഷേത്രത്തിൽ നിന്ന് കാവും കടവിലേക്ക് നടന്ന എഴുന്നെള്ളത്തിൽ ഇരുകരക്കാരും പങ്കെടുത്തു. ഇന്ന് വൈകിട്ട് ക്ഷേത്രത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ പുലവൃത്തം തുള്ളി മത്സരം അവസാനിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |