മരിച്ചത് കമ്പം സ്വദേശി രാമൻ
പാലാ : കുടിവെള്ളപദ്ധതിക്കായി കിണറിന്റെ ആഴംകൂട്ടുന്നതിനിടെ പാറയും , മൺതിട്ടയും ഇടിഞ്ഞുവീണ് തമിഴ്നാട് രംഗനാഥപുരം മുനിസിപ്പൽ കൗൺസിലറായ കമ്പം സ്വദേശി രാമന് (48) ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന കമ്പം സ്വദേശികളായ സതീഷ്, സുരേഷ്, ബാലമുരുകൻ എന്നിവർ കയറിൽ തൂങ്ങി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് സിയോൺ ബേക്കറി ഭാഗത്തായിരുന്നു അപകടം. അഞ്ച് മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ വൈകിട്ട് 6.15 ഓടെ പുറത്തെടുത്ത മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മീനച്ചിൽ പഞ്ചായത്ത് 11-ാം വാർഡിലെ വട്ടോത്തുകുന്നേൽ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പത്ത് വർഷം മുമ്പ് നിർമ്മിച്ച കിണറാണിത്. ആഴംകൂട്ടി കിണറ്റിൽ കോൺക്രീറ്റ് വളയങ്ങൾ ഇറക്കുകയായിരുന്നു. കിണറിന്റെ അടിത്തെട്ടിലെ പാറ നീക്കിയതോടെ കോൺക്രീറ്റ് വളയങ്ങൾ ഒരു വശത്തേയ്ക്ക് ചെരിഞ്ഞതാണ് ദുരന്തകാരണം. പഴയ കോൺക്രീറ്റ് വളയങ്ങൾ ഉറപ്പിച്ചുനിറുത്തിയിരുന്ന പാറ ഇളകി തൊഴിലാളിക്ക് മുകളിൽ പതിക്കുകയായിരുന്നു. ജില്ലാ ഫയർ ഓഫീസർ റെജി ബി.കുര്യക്കോസിന്റെ നേതൃത്വത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം ഫയർഫോഴ്സ് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ആർ.ഡി.ഒ ദീപ കെ.പി, ഡിവൈ.എസ്.പി കെ.സദൻ എന്നിവർ നേതൃത്വം നൽകി.
രാമന്റെ ഭാര്യ ധനം. മക്കൾ: സൂര്യ,സതീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |