ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ബോധവത്ക്കരണങ്ങൾ ശക്തമാക്കിയിട്ടും ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകൾ തുടർക്കഥയാകുന്നു. പതിമൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചത് സംബന്ധിച്ച് രണ്ട് പരാതികളാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്.
ഓൺലൈൻ ട്രേഡിംഗ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ നഗരത്തിലെ വസ്ത്രവ്യാപാരി മുത്തുകൃഷ്ണ റെഡ്യാരിൽ നിന്ന് 4.89 ലക്ഷം രൂപയും വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ കാട്ടൂർ സ്വദേശിയായ 18കാരൻ ജോസ്മോനിൽ നിന്ന് 9.10 രൂപയും തട്ടിച്ചതാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന സംഭവങ്ങൾ. വ്യാജ വെബ്സൈറ്റുകൾ വഴി ഇരയുടെ വാലറ്റിൽ അധികസമ്പാദ്യമെത്തിയെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം കൈക്കലാക്കുന്നത്. വിവിധ ഘട്ടങ്ങളിൽ ഇരയുടെ അക്കൗണ്ടിലേക്ക് ചെറിയ തുക നൽകി വിശ്വാസം നേടിയെടുക്കും. ലോകത്തിന്റെ ഏതെങ്കിലും കോണിൽ സമാനമായ തട്ടിപ്പിന് ഇരയാകുന്നവരെ കൊണ്ടുതന്നെയാണ് പുതിയ ഇരയുടെ അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യിക്കുന്നത്.
തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുന്ന നിമിഷം നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പോർട്ടലിലേക്ക് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം ജില്ലയിൽ നഷ്ടപ്പെട്ട തുകയുടെ 30ശതമാനത്തിലധികം ഫ്രീസ് ചെയ്ത് സംരക്ഷിക്കാനായി.
വലവിരിച്ച് മലയാളികളും
1. ഓൺലൈൻ തട്ടിപ്പിലേക്ക് മലയാളികളെ കുടുക്കുന്നവരിൽ സ്വന്തം നാട്ടുകാരുമുണ്ട്. ഓൺലൈൻ ട്രേഡിംഗിനെ കുറിച്ചും, വീട്ടിലിരുന്ന് സമ്പാദിക്കാനുള്ള വഴികളെ കുറിച്ചുമെല്ലാം ഇംഗ്ലീഷിന് പുറമേ മലയാളത്തിലും വിശദമായി സംസാരിക്കും
2.വിവിധ രാജ്യങ്ങളിൽ ജോലി തേടിപ്പോയി നിരാശരായിരിക്കുന്നവരെ കോൾ സെന്ററുകളിൽ ജോലിക്കെടുത്താണ് ഇത്തരം തട്ടിപ്പ് നടത്താൻ ഉപയോഗിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ആളുകളെ വിളിക്കാൻ അതത് ഭാഷക്കാരെ നിയോഗിക്കും
3. ഏറ്റവും കൂടുതൽ തുക തട്ടിപ്പ് നടത്തുന്ന കോൾ സെന്റർ ജീവനക്കാരന്റെ ടേബിളിൽ ടാർഗറ്റ് പൂർത്തീകരിച്ചത് സംബന്ധിച്ച ഫ്ലാഗ് വയ്ക്കുന്ന പതിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു
4. തട്ടിപ്പ് തുക നിക്ഷേപിക്കാനുള്ള അക്കൗണ്ട് ആരംഭിച്ചുകൊടുക്കുന്നതിലും മലയാളികൾ മുൻപന്തിയിലാണ്. പറ്റിക്കപ്പെടുന്ന ആളെക്കൊണ്ടുതന്നെ തുക ക്രിപ്റ്റോ കറൻസിയിലേക്കും എക്സ്ചേഞ്ച് വഴി ഓൺലൈൻ വാലറ്റിലേക്കും മാറ്റും
പരാതിപ്പെടാൻ
തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം 1930 എന്ന നമ്പരിലോ, www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതിപ്പെടണം
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണം ശക്തമാക്കിയതിന്റെ ഫലമായി പരാതി പറയാൻ തയാറാകുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ചെറിയ തുക നഷ്ടമായവർ പോലും മടിയില്ലാതെ വിളിക്കുന്നു
- സൈബർ സെൽ സി.ഐ, ആലപ്പുഴ
വാട്സാപ്പ് ലിങ്ക് വഴിയാണ് തട്ടിപ്പുകാർ സമീപിച്ചത്. ഓൺലൈൻ ട്രേഡിംഗിനെ കുറിച്ച് വാട്സാപ്പ് കോളിലൂടെ ഇംഗ്ലീഷിൽ വിശദമായി സംസാരിച്ചു
- മുത്തുകൃഷ്ണ റെഡ്യായാർ, തട്ടിപ്പിന് ഇരയായ വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |