തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എം.എം. മണി എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനം. എം.എം. മണിയുടെ പ്രസ്താവന പലപ്പോഴും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതായി പൊതുചർച്ചയിൽ പ്രതിനിധികൾ ഉന്നയിച്ചത്.
നാടൻ പ്രയോഗമെന്ന പേരിൽ നടത്തുന്ന പ്രസ്താവനകൾ അതിരുകടക്കുന്നു. കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പാർട്ടി നേതൃത്വമിടപെട്ട് ഇനിയെങ്കിലും മണിയെ നിയന്ത്രിക്കണമെന്നും പ്രതിനിധികൾ പറഞ്ഞു.
സി.പി.എം ഭരിക്കുന്ന ആഭ്യന്തര, ആരോഗ്യ, ധന, വകുപ്പുകൾക്കെതിരെയും വിമർശനമുയർന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സർക്കാരിന് നിയന്ത്രിക്കാനാകുന്നില്ല. പൊലീസിന്റെ ചെയ്തികൾ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നു. പാർട്ടി നേതാക്കൾ വിളിച്ചാൽ പല ഉദ്യോഗസ്ഥരും ഫോൺ എടുക്കില്ല. സ്റ്റേഷനിൽ കയറി ചെന്നാൽ അടിക്കിട്ടുന്ന സാഹചര്യമാണെന്നും ചില പ്രതിനിധികൾ പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യവകുപ്പിനെതിരെ ഹൈറേഞ്ചിലെ പ്രതനിധികളുടെ വിമർശനം. കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലായി ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. മൂന്നാറിലെയും പീരുമേട്ടിലെയും പാർട്ടി അംഗങ്ങളായ തൊഴിലാളികൾ ഉൾപ്പെടെ താമസിക്കുന്ന 100 വർഷത്തോളം പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞ് ചോർന്നൊലിക്കുന്ന ലയങ്ങൾ നന്നാക്കാൻ ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതിലും വിമർശനമുയർന്നു.
ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസ് തുടരാനാണ് സാദ്ധ്യത. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |