കോഴിക്കോട്: മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതര പരിക്കേറ്റ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുക്കത്തെ 'സങ്കേതം' മോട്ടൽ ഉടമ ദേവദാസിനെയാണ് (64) എറണാകുളത്തേക്കുള്ള ബസ് യാത്രയ്ക്കിടെ കുന്ദംകുളത്ത് നിന്ന് പിടികൂടിയത്. യുവതി താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താമരശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂട്ടുപ്രതികളായ റിയാസ്, സുരേഷ് എന്നിവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും താമരശേരി ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മോട്ടലുടമയും കൂട്ടാളികളും പയ്യന്നൂർ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
യുവതി മോട്ടലിലെ ജീവനക്കാരിയാണ്. ജീവനക്കാർക്ക് താമസിക്കാൻ മോട്ടലിന് സമീപംതന്നെ വീടുണ്ട്. ഇവിടെയിരുന്ന് യുവതി ഫോണിൽ വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമമുണ്ടായത്. ഇത് ചെറുക്കുന്നതിനിടെ പ്രാണരക്ഷാർത്ഥം വീടിന്റെ ഒന്നാംനിലയിൽ നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നു. ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേ സ്റ്റേഷനിൽ
കാർ ഉപേക്ഷിച്ച് മുങ്ങി
ട്രെയിനിൽ പോയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കാർ ഉപേക്ഷിച്ച് പ്രതി ദേവദാസ് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര തിരിക്കുകയായിരുന്നെന്ന് ഡിവൈ.എസ്.പി പറഞ്ഞു. എന്നാൽ, ബസിൽ പോയതായി അന്വേഷണത്തിൽ കണ്ടെത്തി. കണ്ടക്ടറുമായി ബന്ധപ്പെട്ട് ബസിലുണ്ടെന്ന് ഉറപ്പിച്ചു. കുന്ദംകുളത്ത് ബസ് എത്തിയപ്പോൾ പിടികൂടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ പാളിച്ച സംഭവിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |