കോട്ടയം: കേന്ദ്ര ബഡ്ജറ്റിൽ കോട്ടയം ഏറെ പ്രതീക്ഷ അർപ്പിച്ചെങ്കിലും ലഭിച്ചത് വട്ടപ്പൂജ്യമായിരുന്നു. ഇനി പ്രതീക്ഷ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ ഉഴലുന്നതിനിടയിൽ ' ഇവിടെ എന്നാ കിട്ടാനാ' എന്ന കോട്ടയം സ്റ്റൈൽ ചോദ്യമാണ് സാധാരണക്കാരിൽ നിന്ന് ഉയരുന്നത്.
റബർ താങ്ങുവില ഉയർത്തുമോ എന്നാണ് കർഷകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിൽ പത്ത് രൂപ വർദ്ധിപ്പിച്ച് 180 രൂപയാക്കിയിരുന്നു. വിപണി വില ഇതിലും ഉയർന്നു നിന്നതിനാൽ കർഷകർക്ക് സർക്കാർ സബ്സിഡി കൊടുക്കേണ്ടി വന്നില്ല. 600 കോടി മാറ്റിവച്ചത് വക മാറ്റാനുമായി. താങ്ങുവില 250 രൂപയാക്കുമെന്ന് പ്രകടനപത്രികയിലുമുണ്ടായിരുന്നു.
നെൽ വില ഉയർത്തുക , സംഭരിച്ചാൽ ഉടൻ പണം അക്കൗണ്ടിൽ എത്തിക്കുക എന്നതാണ് നെൽകർഷകരുടെ ആവശ്യം.
പ്രതീക്ഷകൾ ഇവ
വെള്ളൂർ പേപ്പർ ലിമിറ്റഡ്, കേരള റബർ ലിമിറ്റഡ്, നാട്ടകം സിമന്റ്സ് ,കോട്ടയം ടെക്‌സ്‌റ്റയിൽസ് എന്നിവയ്ക്ക് നിലനിൽപ്പിനാവശ്യമായ പദ്ധതികൾ ഉണ്ടാകണം.
ശബരിമല വിമാനത്താവള സാദ്ധ്യതാ പഠനത്തിനും മറ്റും 1.85 കോടി കഴിഞ്ഞ ബഡ്ജറ്റിൽ നീക്കിവച്ചിരുന്നു. സാമൂഹികാഘാത പഠനം കഴിഞ്ഞു. പ്രാരംഭ പ്രവർത്തനങ്ങൾക്ക് കോടികൾ വേണം.
വൈക്കത്ത് തമിഴ് നാട് സർക്കാർ തന്തൈ പെരിയാർ സ്മാരക നവീകരണം നടത്തിയതോടെ വൈക്കം സത്യഗ്രഹ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം ശക്തം.
വേമ്പനാട് കായൽശുചീകരണത്തിന് ഒരു കോടി അനുവദിച്ചെങ്കിലും നടപടിയായില്ല. കുമരകത്തടക്കം വിവിധ ടൂറിസം മേഖല വികസനത്തിന് ഉതകുന്ന പദ്ധതികൾ.
വന്യമൃഗശല്യം രൂക്ഷമായ മലയോരമേഖലയിലെ വനാതിർത്തികളുടെ സംരക്ഷണത്തിന് ഫണ്ട്.
''ബഡ്ജറ്റിൽ കോട്ടയത്തിന് വലിയ വികസന പ്രതീക്ഷയുണ്ട്. സാധാരണക്കാർ ആഗ്രഹിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകും.
-മന്ത്രി വി.എൻ.വാസവൻ
''മുൻകാല അനുഭവംവച്ച് പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ ഒരു വികസന പ്രതീക്ഷയുമില്ല
-തിരുവഞ്ചൂർ രാധാകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |