കുളത്തൂർ: കഴക്കൂട്ടം - കാരോട് ദേശീയപാത 66ൽ യാത്രക്കാരെ നോക്കുകുത്തികളാക്കി കെ.എസ്.ആർ.ടി.സി ബസ് സർവീസ്. സർവീസ് റോഡുകളെയും ബസ് സ്റ്റോപ്പുകളെയും സാക്ഷിയാക്കി പ്രധാന റോഡിലൂടെയാണ് ബസുകൾ സർവീസ് നടത്തുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
ബസിൽ കേറാനായി യാത്രക്കാർ തിരക്കേറിയ പ്രധാന റോഡ് അശ്രദ്ധമായി മുറിച്ചു കടക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കഴക്കൂട്ടം - കാരോട് ദേശീയപാത തുറന്നുകൊടുത്തപ്പോൾത്തന്നെ ഈ ഭാഗങ്ങളിലേക്കുള്ള ബസ് റൂട്ടുകൾ ഇരുഭാഗത്തെയും സർവീസ് റോഡുകളിലാക്കി പുനഃക്രമീകരിച്ചിരുന്നു. മാത്രമല്ല ഈ ഭാഗങ്ങളിൽ മുൻപുണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ അതത് സ്ഥലങ്ങളിലെ സർവീസ് റോഡുകളിൽ സജ്ജമാക്കുകയും ഇവിടെ പുതിയ ബസ് ഷെൽട്ടറുകൾ നിർമ്മിക്കുകയും ചെയ്തു.
ദേശീയപാത അതോറിട്ടിയുടെ നേതൃത്വത്തിലാണ് ഷെൽട്ടറുകൾ നിർമ്മിച്ചത്.എന്നാൽ ഇതെല്ലാം ഗൗനിക്കാതെയാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്.ഡ്രൈവർമാർ തന്നിഷ്ടപ്രകാരമാണ് പ്രധാന റോഡിൽ ബസ് നിറുത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും.
ദേശീയപാത അധികൃതർ പൊന്നുംവില നൽകി ഏറ്റെടുത്ത കുളത്തൂർ ആശാൻ മെമ്മോറിയലിന് എതിർവശത്തെ സ്ഥലം മുൻഉടമ തന്നെ മതിൽകെട്ടി തന്റെ വസ്തുവിനോടു കൂട്ടിച്ചേർത്തു. അതുപോലെ കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന പഴയ റോഡിനോട് ചേർന്നുള്ള സ്ഥലത്തും കടകെട്ടി വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ ദേശീയപാതയിൽ നിന്ന് കുളത്തൂർ ജംഗ്ഷനിലേക്കുള്ള റോഡ് കുപ്പിക്കഴുത്തായി ചുരുങ്ങി. ഈ ഭാഗത്ത് അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
സൂക്ഷിച്ചില്ലെങ്കിൽ
സർവീസ് റോഡിൽ നിന്ന് ഏറെയുയർത്തിയാണ് ദേശീയപാതയിലെ പ്രധാന റോഡ് നിർമ്മിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ സ്ഥാപിച്ച താത്കാലിക ഗോവണികൾ വഴിയാണ് യാത്രക്കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലെത്തുന്നത്. ഇത് പലപ്പോഴും അപകടങ്ങൾ വരുത്തിവയ്ക്കുന്നു.
അധികൃതർ അറിഞ്ഞമട്ടില്ല
ടെക്നോപാർക്ക് ഫേസ് ഒന്നിന് മുന്നിലെ കാര്യം അതീവ ഗുരുതരമാണ്. ടെക്കികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രധാന റോഡിന്റെ മദ്ധ്യഭാഗം വരെ കയറി നിന്നാണ് ബസിൽ കയറുന്നത്.തൊട്ടു താഴെയായി സർവീസ് റോഡിൽ ബസ് സ്റ്റോപ്പും ഷെൽട്ടറും ഉണ്ടായിട്ടാണ് ഈ ദുർഗതി.ഇവിടെ ദേശീയപാത അതോറിട്ടി നിർമ്മിച്ച ബസ് ഷെൽട്ടർ സ്വകാര്യ ഹോട്ടലിന്റെ ഡൈനിംഗ് ഹാളായി മാറിയിട്ടുണ്ട്.
കൈയേറ്റവും
ഐ.ടി നഗരത്തിലേക്കുള്ള ബസ് സർവീസുകൾ പൂർണമായി സർവീസ് റോഡിലൂടെയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാൽ ദേശീയപാത 66ൽ കഴക്കൂട്ടം മുതൽ കുഴിവിള വരെയുള്ള സർവീസ് റോഡുകളുടെ വശങ്ങൾ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയിട്ടും ഹൈവേ അതോറിട്ടിയറിഞ്ഞ മട്ടില്ല.ഏറ്റവും കൂടുതൽ കൈയേറ്റം നടന്നത് കുളത്തൂർ മുക്കോലയ്ക്കൽ ജംഗ്ഷനിലാണ്.
ബസുകൾ മുകളിലൂടെ പോകുന്നതിനാൽ മിക്ക അവസരങ്ങളിലും ബസ് കിട്ടാറില്ല.എന്നും ഓട്ടോ പിടിച്ചാണ് സ്കൂളിൽ എത്തുന്നത്.
ദേവനന്ദന,പ്ലസ്ടു വിദ്യാർത്ഥിനി,കഴക്കൂട്ടം
കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് റോഡുകൾ വഴിയാക്കിയാൽ പ്രായമായവർക്കും കുട്ടികൾക്കും അതേറെ പ്രയോജനപ്പെടും.
എസ്.സതീഷ് ബാബു,സെക്രട്ടറി,
കുളത്തൂർ കോലത്തുകര ക്ഷേത്ര സമാജം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |