പാലാ: കവീക്കുന്നിന് ശ്വാസം മുട്ടുകയാണ്. അനധികൃത ടാറിംഗ് യൂണിറ്റിൽ നിന്നുള്ള പുക മൂലം സമീപത്തെ സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ വലഞ്ഞുപോകുകയാണ്. വിഷയത്തിൽ നഗരസഭാ അധികാരികൾക്ക് ആകട്ടെ ഉത്തരവുമില്ല. ടാറിംഗ് യൂണിറ്റ് കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂളിന് പിന്നിൽ സ്ഥാപിച്ച് കുട്ടികളുടെയും പരിസരവാസികളുടെയും ശ്വാസംമുട്ടിക്കുകയാണെന്നാണ് പരാതി. ടാറിംഗ് ആവശ്യത്തിനുള്ള രണ്ട് യൂണിറ്റുകളാണ് കരിപ്പുക പുറംതള്ളുന്നത്. മേഖലയാകെ ടാറിംഗിന്റെ രൂക്ഷഗഗന്ധമാണ്.
സ്‌കൂൾ കെട്ടിടത്തിന്റെ 20 മീറ്റർ പിറകിലായി കടന്നുപോകുന്ന റോഡിലാണ് ഒരു ചെറിയ പ്ലാന്റും വലിയ പ്ലാന്റും സ്ഥാപിച്ചിരിക്കുന്നത്. രണ്ടു ദിവസമായി ഈ യൂണിറ്റുകളിൽ നിന്നും വൻതോതിലാണ് പുക പുറംതള്ളുന്നത്. പുക മൂലം കുട്ടികളെ മറ്റു ഭാഗത്തേയ്ക്ക് മാറ്റിയിരുത്തിയാണ് അധ്യയനം നടത്തുന്നത്.
ടാറിംഗ് പ്ലാന്റിലെ പുകയ്‌ക്കൊപ്പം കറുത്ത പൊടിപടലങ്ങൾ നേരിട്ടു ശ്വാസകോശത്തിൽ പ്രവേശിക്കുന്നത് ഗുരുതമായ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കും.
പുക ശ്വസിച്ചാൽ രോഗിയാകും
ടാറിംഗ് യൂണിറ്റിലെ പുക ശ്വസിച്ചാൽ ന്യൂമോകോണിയോസിസ് ആവാൻ സാധ്യത കൂടുതലാണെന്ന് പ്രമുഖശിശുരോഗ വിദഗ്ദ്ധൻ ഡോ.അലക്സ് മാണി പറഞ്ഞു. സ്ഥിരമായി ആസ്മ വരാനും ഇടയാക്കും. ഇൻഡസ്ട്രിയൽ ലങ്ങ് ഡിസീസ് ആവാനും ഇതു കാരണമാകാറുണ്ടെന്നും അലക്സ് മാണി വ്യക്തമാക്കി.പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കത്തിക്കുന്നതിനെതിരെ കർശന നിർദ്ദേശവും നടപടിയും തുടരുന്ന സാഹചര്യത്തിലാണ് നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴിൽ നടത്തുന്ന ടാറിംഗിനിടെ വൻതോതിൽ മലിനീകരണം നടത്തുന്നത്.
അവർ ഒരക്ഷരം മിണ്ടില്ല!
നഗരസഭ ആരോഗ്യ വിഭാഗത്തിൽ പരാതി അറിയിച്ചെങ്കിലും നടപടിയെടുക്കാതെ മലിനീകരണത്തിന് ഒത്താശ ചെയ്യുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് പറഞ്ഞു. വീടുകളിൽ മാലിന്യം കത്തിച്ചാൽ നടപടിയെടുക്കുന്ന അധികൃതർ ഇത്തരം സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ജനദ്രോഹമാണ്.
സ്കൂളിന് അവധി
മലിനീകരണം മുൻനിറുത്തി സ്കൂളിന് ഇന്ന് അവധി നൽകി. പരാതി ഉയർന്ന സാഹചര്യത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഫോട്ടോ: കവീക്കുന്നിലെ ടാറിംഗ് യൂണിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |