പോത്തൻകോട് പഞ്ചായത്ത് അംഗവും തട്ടിപ്പിന് ഇരയായി
തിരുവനന്തപുരം/പോത്തൻകോട്: പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്‌ടോപ്പും തയ്യൽ മെഷീനും വാഗ്ദാനം ചെയ്ത് ജില്ലയിലും കോടികൾ തട്ടിയതായി വിവരം.പോത്തൻകോട് പഞ്ചായത്തിലാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. 23 പേർ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പ്ലാമൂട് വാർഡംഗം അനിതകുമാരിയും ഇക്കൂട്ടത്തിലുണ്ട്. ഇവരാണ് ആദ്യം പരാതി നൽകിയത്.പണം നഷ്ടപ്പെട്ടവരിൽ ഏറെയും നാണക്കേട് കാരണം പരാതി നൽകാൻ തയ്യാറാകുന്നില്ലെന്നാണ് വിവരം. പോത്തൻകോട് പഞ്ചായത്ത് പ്രദേശത്ത് മാത്രം 30ലധികം പേർ തട്ടിപ്പിന് ഇരയായെന്ന് പൊലീസ് പറയുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ പേര് ദുരുപയോഗം ചെയ്തതിന് നടപടിയാവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ പൊലീസിൽ പരാതി നൽകി.
കരമന ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപ്തി ചാരിറ്റബിൾ സൊസൈറ്റിക്കും നടത്തിപ്പുകാരനും എതിരെയാണ് പരാതി. കൂടുതൽപേർ പരാതികളുമായി എത്തുന്നുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും പോത്തൻകോട് പൊലീസ് പറഞ്ഞു.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൊല്ലയിൽ പഞ്ചായത്തിലും നിരവധിപേർ കബളിപ്പിക്കലിനിരയായതായി പരാതിയുണ്ട്.വരുംദിവസങ്ങളിൽ ഇവർ രേഖാമൂലമുള്ള പരാതി പൊലീസിന് കൈമാറുമെന്നാണ് വിവരം.
സ്‌കൂട്ടർ വാങ്ങുന്നതിന് 15പേർ 60,000 രൂപ വീതമടച്ചു. 41 പേർ തയ്യൽ മെഷീൻ വാങ്ങുന്നതിനായി പണം നൽകി. ഇതിൽ 29 പേർ 3800, 8 പേർ 5600, 3 പേർ 13,000, ഒരാൾ 7500 രൂപയും നൽകി. കഴിഞ്ഞ മാസം 10നകം തയ്യൽ മെഷീൻ നൽകാമെന്നാണ് പറഞ്ഞതെങ്കിലും കൊടുത്തില്ലെന്നാണ് പരാതി.
ആദ്യ ഘട്ടത്തിൽ കൊല്ലയിൽ പഞ്ചായത്തിൽ 60000 രൂപയ്ക്ക് ഒരാൾക്ക് സ്‌കൂട്ടർ നൽകിയിരുന്നു. ഇതോടെയാണ് കൂടുതൽ പേർ പണം നൽകിയത്.ആര്യനാട്,നെടുമങ്ങാട്,വെള്ളനാട്,മാറനല്ലൂർ മേഖലകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ബാലരാമപുരം,വിതുര,കല്ലിയൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് വനിതകൾക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് ആദ്യം പ്രചാരണം തുടങ്ങിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |