കോഴിക്കോട് : ജില്ലയിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധന ശക്തമാക്കി. ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയിൽ പുതിയ ബസ് സ്റ്റാൻഡ് , പാളയം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. ബസിന്റെ അമിതവേഗം കാരണം അരയിടത്തുപാലത്തുണ്ടായ അപകടം ചേവരമ്പലത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഇന്റർസെപ്റ്റർ വാഹനത്തിൽ ബസിടിച്ച് കോഴിക്കോട് സിറ്റി ട്രാഫിക് എസ്. ഐയ്ക്ക് പരിക്കേറ്റത് ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. രാവിലെ എട്ടു മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ ഏഴ് മണിവരെയുമാണ് പരിശോധന നടത്തുന്നത്. ഇന്നലെ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിന് നാല് കേസുകളും യൂണിഫോം ഇല്ലാത്തതിന് 6 കേസുകളും നോ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തതിന് 29 കേസും സ്പീഡ് ഗവർണർ ഇല്ലാത്തതിന് 5 കേസും ഓഡിയോ സിസ്റ്റം ഉപയോഗിച്ചതിന് - 5 കേസും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 2 കേസും ഹെൽമെറ്റ് ധരിക്കാതെ പോയതിന് 13, റോംഗ് സൈഡ് ഓവർ ടേക്കിംഗിന് 5 കേസും യൂണിഫോം ധരിക്കാത്തതിന് 6 കേസും മറ്റ് കുറ്റകൃത്യങ്ങൾക്ക് 19 കേസും രജിസ്റ്റർ ചെയ്തു. പിഴയിനത്തിൽ 89500 രൂപ ഈടാക്കി. 10 പേർക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് നൽകുന്നതിന് നടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |