കൊല്ലം: തുച്ഛമായ പെൻഷൻ തുക കൊണ്ട് ജീവിക്കാൻ നിവൃത്തിയില്ലാതെ വിരമിച്ച അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും. മൂന്നര പതിറ്റാണ്ട് വരെ ജോലിയെടുത്ത വർക്കർക്ക് 2500 രൂപയാണ് പെൻഷൻ. ഹെൽപ്പർക്ക് 1500 രൂപയും. തുച്ഛമായ പെൻഷൻ തുക കഴിഞ്ഞ മൂന്ന് മാസമായി ലഭിക്കുന്നുമില്ല.
യാതൊരു വിഹിതവും മുൻകൂട്ടി അടയ്ക്കാതെ സർക്കാർ ക്ഷേമ പെൻഷൻ 1600 രൂപ നൽകുമ്പോഴാണ് വർഷങ്ങളായി വിഹിതം അടച്ച അങ്കണവാടി ഹെൽപ്പമാർക്ക് വെറും 1500 രൂപ പെൻഷൻ നൽകുന്നത്. അതുകൊണ്ട് തന്നെ വിരമിച്ച അങ്കണവാടി ഹെൽപ്പർമാരിൽ വലിയൊരു വിഭാഗം ക്ഷേമനിധി പെൻഷൻ ഉപേക്ഷിച്ച് ക്ഷേമ പെൻഷനായി അപേക്ഷിക്കാനുള്ള ആലോചനയിലാണ്.
ക്ഷേമനിധി വിഹിതമായി അങ്കണവാടി വർക്കർ മാസം തോറും 500 രൂപയും ഹെൽപ്പർ 200 രൂപയും അടയ്ക്കുന്നതാണ്. അടച്ച ക്ഷേമനിധി വിഹിതവും അതിന്റെ പലിശയും സർക്കാർ വിഹിതവും നേരത്തെ വിരമിക്കുന്നതിന് പിന്നാലെ തന്നെ നൽകുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിരമിച്ചവർക്ക് ഈ ആനുകൂല്യവും ലഭിച്ചിട്ടില്ല
ഹോണറേറിയവും തുച്ഛം
നിലവിൽ ജോലി ചെയ്യുന്നവരുടെ ഹോണറേറിയവും വളരെ തുച്ഛമാണ്. അഞ്ച് വർഷത്തിലധികമായി ജോലി ചെയ്യുന്നവർക്ക് ഏകദേശം 13000 രൂപയും ഹെൽപ്പർക്ക് 9000 രൂപയുമാണ് ലഭിക്കുന്നത്. ഇതിൽ നിന്നാണ് ക്ഷേമനിധി വിഹിതം അടയ്ക്കുന്നത്.
പെൻഷൻ തുക ഉയർത്തണം
അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും സേവന കാലയളവ് അടിസ്ഥാനമാക്കി സ്ഥാനക്കയറ്റങ്ങൾ നൽകണമെന്നും വർക്കറുടെ പെൻഷൻ 5000 രൂപയും ഹെൽപ്പറുടേത് 4000 രൂപയായും വർദ്ധിപ്പിക്കണമെന്നും അങ്കണവാടി സ്റ്റാഫ് ഫെഡറേഷൻ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ, ജനറൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, കെ.അംബികവല്ലി എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |